പ്രവാസികൾക്ക് ആശ്വാസം, നിർണായക നടപടിയുമായി സൗദി ആഭ്യന്തര മന്ത്രാലയം
Thursday 26 March 2026 12:17 AM IST
റിയാദ് : പശ്ചിമേഷ്യൻ സംഘർഷം കാരണം വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിപ്പോയവർക്ക് ആശ്വാസ വാർത്ത. ഇവർക്ക് പിഴയില്ലാതെ രാജ്യം വിടാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 18 വരെ വിസകൾ നീട്ടാനും അവസരമുണ്ട്. എല്ലാത്തരം വിസകൾക്കും പുതിയ ഇളവ് ബാധകമാണ്. ഉംറ, ട്രാൻസിറ്റ്, വിസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾക്ക് പുതിയ ഇളവ് ബാധകമായിരിക്കും. ഫെബ്രുവരി 25ന് കാലാവധി തീർന്ന വിസകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
ആവശ്യമെങ്കിൽ ഏപ്രിൽ 18 വരെ വിസ പുതുക്കാം. ഇതിനായി ആവശ്യമായ ഫീസടയ്ക്കണം. വിസ കാലാവധി തീർന്നവർക്ക് പുതുക്കാതെ തന്നെ രാജ്യം വിടാം. പുതുക്കുകയോ ഫീസടയ്ക്കുകയോ വേണ്ടെന്നും ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതർ അറിയിച്ചു. ഏപ്രിൽ 18ന് മുൻപ് രാജ്യം വിടാനാണ് നിര്‍ദേശം. ഏപ്രിൽ 18 ഓടെ നടപടികളാരംഭിക്കും.