മുഖ്യമന്ത്രി ചർച്ചയില്ല, കർണാടക മോഡൽ തേടും: വി.ഡി.സതീശൻ

Thursday 26 March 2026 2:32 AM IST

പാലക്കാട്: ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യു.ഡി.എഫിൽ ഒരു ചർച്ചയുമില്ലെന്നും,അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നടപടിക്രമമനുസരിച്ച് കർണാടകയിലെയും തെലങ്കാനയിലേതും പോലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് 2016ലെ പ്രകടനപത്രികയിൽ ഉറപ്പു നൽകിയിട്ട് 29 ബാറുകളുണ്ടായിരുന്നത് ആയിരമാക്കിയ പിണറായി വിജയൻ മദ്യനയത്തെക്കുറിച്ച് യു.ഡി.എഫിനെ പഠിപ്പിക്കേണ്ട. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് ഉന്നർന്ന ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ട് വരുമാനം കാണിച്ചില്ലെന്നതായിരുന്നു ആദ്യ ആക്ഷേപം. 25 വർഷമായി പ്രാക്ടീസ് ചെയ്യാത്ത ആൾ എങ്ങനെയാണ് വരുമാനം കാണിക്കുന്നത്. ഔദ്യോഗിക വാഹനത്തിന്റെ ഫൈൻ അടച്ചില്ലെന്നതാണ് രണ്ടാമത്തെ വാദം. ആ കാറിന് ഒരു ബാധ്യതയുമില്ലെന്ന എൻ.ഒ.സി വാഹന ഉടമയായ ടൂറിസം വകുപ്പ് നൽകിയിട്ടുണ്ട്.സ്വർണത്തിന്റെ വില കാണിച്ചില്ലെന്നതായിരുന്നു മറ്റൊരു ആരോപണം. സ്വർണം എത്രയുണ്ടെന്നും അതിന്റെ വാങ്ങിയ വില എത്രയെന്നും കൃത്യമായി സത്യവാങ്മൂലത്തിലുണ്ടായിരുന്നു. അഡീഷണൽ സത്യവാങ്മൂലത്തിൽ സ്വർണത്തിന്റെ മാർക്കറ്റ് വിലയും കാണിച്ചിട്ടുണ്ട്.

പാർട്ടി വിട്ടവരെയും പാർട്ടിയിൽ ചോദ്യം ചോദിക്കുന്നവരെയും വർഗ വഞ്ചകരെന്നും കുലംകുത്തിയെന്നും പറഞ്ഞ് 52 വെട്ടുവെട്ടി കൊല്ലുന്ന പാർട്ടിയാണ് സി.പി.എം. അവർ തകർച്ചയിലേക്ക് പോകുകയാണ്. ഇത്രമാത്രം സി.പി.എം നേതാക്കളും പ്രവർത്തകരും ഒന്നിച്ച് പാർട്ടി വിട്ട കാലം കേരളത്തിലുണ്ടായിട്ടില്ല.ശബരിമല സ്വർണക്കൊള്ളയിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കഴിയുമെന്നാണ് അറിയുന്നത്. അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചവരൊക്കെ ഇപ്പോഴും സി.പി.എം നേതാക്കളായി തുടരുകയാണ്. അച്ചടക്ക നടപടി എടുക്കാൻ പോലും തയാറായിട്ടില്ല. അതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും

സതീശൻ പറഞ്ഞു.