ഹോട്ടലുകൾ തുറന്നുതുടങ്ങി; പക്ഷേ,​ വിഭവസമൃദ്ധമല്ല

Thursday 26 March 2026 1:41 AM IST

തിരുവനന്തപുരം: എൽ.പി.ജി ക്ഷാമത്തെത്തുടർന്ന് അടച്ചിട്ട ഹോട്ടലുകൾ തുറന്നുതുടങ്ങി. ലഭ്യമാകുന്ന പാചക വാതകം, വിറക് അടുപ്പുകൾ, ഇൻഡക്ഷൻ കുക്കർ എന്നിവ ഉപയോഗിച്ചാണ് ഹോട്ടൽ അടുക്കളകൾ വീണ്ടും സജീവമാകുന്നത്. ഹോട്ടലുകൾ സ്ഥിരമായി അടച്ചിടുന്നത് ഈ മേഖലയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന തിരിച്ചറിവിനെത്തുടർന്നാണിത്.

എന്നാൽ, പഴയതുപോലെ ഹോട്ടലുകൾ വിഭവ സമൃദ്ധമാകാൻ ക്ഷാമം പൂർണമായി മാറണം. നിലവിൽ പ്രഭാതഭക്ഷണം ഒന്നോ രണ്ടോ ഇനങ്ങളിൽ മാത്രമാണ്. മിക്കയിടത്തും ഒരു ഇനമേ കാണൂ. ഉച്ചയ്ക്ക് ഊണ് അപൂർവം ഹോട്ടലുകളിൽ മാത്രം. മിക്കയിടങ്ങളിലും ബിരിയാണി മാത്രമായി.

സംസ്ഥാന സർക്കാർ സജ്ജമാക്കിയ എൽ.പി.ജി പോർട്ടലിലൂടെയാണ് നിലവിൽ ഹോട്ടലുകൾക്കും കാറ്ററിംഗ് സ്ഥാപനങ്ങൾക്കും പരിമിതമായെങ്കിലും എൽ.പി.ജി ലഭ്യമാകുന്നത്. ആവശ്യത്തിന്റെ 20% മാത്രമാണ് ഇങ്ങനെ ലഭിക്കുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു.

അതേസമയം, വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വിതരണം ഇപ്പോഴാണ് ക്രമപ്പെടുത്തി വരുന്നത്. നേരത്തെ വ്യാപാരികൾ ഹോട്ടലുടമകളുടെ ആവശ്യത്തിനനുസരിച്ച് സിലിണ്ടറുകൾ എത്തിച്ചുകൊടുക്കുകയായിരുന്നു. മിക്ക ഏ‌ജൻസികളുടെയും ബുക്കിംഗ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നില്ല.

കരിഞ്ചന്തയും സജീവം

സിലിണ്ടറുകളുടെ കരിഞ്ചന്ത കച്ചവടം ഇപ്പോഴും സജീവമാണ്. 14 കിലോ തൂക്കം വരുന്ന ഗാർഹിക പാചകവാതക സിലിണ്ടറിന് 922 രൂപയാണ് തിരുവനന്തപുരത്തെ വില. ഇതിന് കരിഞ്ചന്തയിൽ 2,000നു മുകളിൽ നൽകണം.1,911 രൂപ വില വരുന്ന 19 കിലോയുടെ പാചക വാതക സിലിണ്ടർ കിട്ടാനില്ല. ഇതിനു കരിഞ്ചന്തയിൽ 3,500- 4,​000 രൂപ വരെയാണ് വില.

വില വർദ്ധിപ്പിച്ച് പോക്കറ്റടി

പാചകവാതക ലഭ്യതക്കുറവിന്റെ പേരിൽ ഹോട്ടലുകൾ ഭക്ഷണ വില വർദ്ധിപ്പിച്ചു. 30%വരെയാണ് വില വർദ്ധിപ്പിച്ചത്. പഴം, പച്ചക്കറി എന്നിവയുടെ വില താഴുകയും അരി വില വർദ്ധിക്കാതിരുന്നിട്ടും വില വർദ്ധിപ്പിക്കുകയായിരുന്നു.