റെജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

Thursday 26 March 2026 2:46 AM IST

ആലപ്പുഴ: എൽ.ഡി.എഫിന്റെ ആക്ഷേപങ്ങൾ തള്ളി കുട്ടനാട്ടിലെ യു.ഡി.എഫ്​ സ്ഥാനാർത്ഥി റെജി ചെറിയാന്റെ നാമനിർദ്ദേശപത്രിക സ്വീകരിച്ചു. വരണാധികാരി ജില്ല കൃഷി ഓഫീസർ വി.പി. സന്ധ്യയാണ്​ രണ്ട്​ സെറ്റ്​ പത്രിക സ്വീകരിച്ചത്​.

മൂന്ന്​ സെറ്റ്​ പത്രികയിൽ ഒരെണ്ണം സത്യവാങ്മൂലത്തിൽ പിന്തുണച്ചവരുടെ ഒപ്പി​ല്ലെന്ന്​ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച തള്ളിയിരുന്നു. ഇന്നലെ രാവിലെ നടന്ന ഹിയറിംഗിൽ, കോടതിയിലെ വിവരങ്ങൾ സംബന്ധിച്ച്​ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന്​ എൽ.ഡി.എഫിനായി ഹാജരായവർ വാദിച്ചു. കായംകുളത്തും കുട്ടനാട്ടിലും റെജിയ്‌ക്ക് വോട്ടുണ്ടെന്നും ആരോപിച്ചു. സുപ്രീം​കോടതി ഉത്തരവ്​ കാണിച്ചാണ്​ യു.ഡി.എഫിനായി ഹാജരായ അഭിഭാഷകൻ അഡ്വ. ഫ്രാൻസിസ് മംഗലത്ത് ഇവയെ പ്രതിരോധിച്ചത്​. ദേശീയപാർട്ടികളുടെ സ്ഥാനാർത്ഥികൾക്കാണ്​ കൂടുതൽ പേരുടെ ഒപ്പ് വേണ്ടതെന്നും സംസ്ഥാന പാർട്ടികളുടെ മത്സരത്തിന്​ അതാവശ്യമില്ലെന്നും​ ചൂണ്ടിക്കാട്ടി. റെജിയുമായി ബന്ധപ്പെട്ട കേസുകളുടെ വിവരം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചിലകേസുകളുടെ നടപടിക്രമം അടുത്തമാസം നടക്കാനിരിക്കുന്നതേയുള്ളൂവെന്നും യു.ഡി.എഫ് അറിയിച്ചു. സൂക്ഷ്മപരിശോധനയിൽ ഉയർത്തിയ പോരായ്മകൾ നിലനിൽക്കെയാണ്​ പത്രിക അംഗീകരിച്ചതെന്ന്​ എൽ.ഡി.എഫിനായി ഹാജരായ അഡ്വ. ചെറിയാൻ കുരുവിള പറഞ്ഞു. വിഷയത്തിൽ തിരഞ്ഞെടുപ്പ്​ കമ്മിഷനെ സമീപിക്കും. ഒപ്പം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും എൽ.ഡി.എഫ്​ നേതാക്കൾ പറഞ്ഞു.