ബില്ലിൽ 'പവർ കട്ടില്ലാത്ത 10 വർഷങ്ങൾ" പ്രചാരണത്തിന് കെ.എസ്.ഇ.ബിയും

Thursday 26 March 2026 12:48 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സർക്കാരിനായി കെ.എസ്.ഇ.ബിയും പ്രചാരണം നടത്തുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ഈ മാസത്തെ വൈദ്യുതി ബില്ലിൽ അടയ്ക്കേണ്ട തുകയ്ക്ക് താഴെയായി 'പവർകട്ടും ലോഡ് ഷെഡിംഗും ഇല്ലാത്ത 10 വർഷങ്ങൾ"എന്ന വാചകം ചേർത്തെന്നാണ് പരാതി.

മുൻകാലങ്ങളിൽ കുടുംബാസൂത്രണത്തിന്റെയും എയ്ഡ്‌സ് പ്രതിരോധത്തിന്റെയും പരസ്യങ്ങളാണ് ബില്ലിലുണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായാണ് ബില്ലിൽ സർക്കാർ അനുകൂല പരസ്യം അച്ചടിച്ചത്.

കെ.എസ്.ഇ.ബിയുടെ ബില്ല് അടിയന്തരമായി പിൻവലിക്കണമെന്നും പെരുമാറ്റചട്ടം ലംഘിച്ച ബോർഡ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സർക്കാർ ജീവനക്കാർക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിന് പിന്നാലെയാണ് വൈദ്യുതി ബോർഡും സർക്കാരിനായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നാണ് പരാതിയിലുള്ളത്.