ബിരുദം തോറ്റയാൾക്ക് പി.ജിക്ക് പ്രവേശനം : രേഖകൾ ഗവർണർക്ക് കൈമാറി

Thursday 26 March 2026 1:52 AM IST

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ ബാച്ചിലർ ഒഫ് ഫൈൻ ആർട്സ് പരീക്ഷയിൽ തോറ്റ എസ്.എഫ്.ഐ പ്രവർത്തകനെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയശേഷം ബി.എഫ്.എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിന്റെ രേഖകൾ ഗവർണർക്ക് കൈമാറി. വി.സി ഡോ.സിസാതോമസും സർവകലാശാല ഉദ്യോഗസ്ഥരും ഇന്നലെ ലോക്ഭവനിലെത്തി രേഖകൾ ഗവർണർക്ക് കൈമാറി.ബി.എഫ്.എ തോറ്റ വിദ്യാർത്ഥിയുടെ എം.എഫ്എ പ്രവേശനം, ജയിപ്പിക്കാൻ സിൻഡിക്കേറ്റ് ഉപസമിതി ശുപാർശ ചെയ്തത് സംബന്ധിച്ച ഫയലുകളും രേഖകളുമാണ് ഗവർണർ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ കൈവശമില്ലെന്നാണ് രജിസ്ട്രാറും പരീക്ഷാ കൺട്രോളറും നേരത്തേ വി.സിയെ അറിയിച്ചിരുന്നത്. വി.സിക്കൊപ്പം രജിസ്ട്രാറും പരീക്ഷാ വിഭാഗത്തിന്റെ സെക്ഷൻ ഓഫീസറും ഗവർണറെ കണ്ട് നിജസ്ഥിതി ബോധ്യപ്പെടുത്തി. സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന നിർദ്ദേശം അവഗണിച്ചതിന് താത്കാലിക വി.സിയായിരുന്ന ഡോ. കെ.കെ.ഗീതാകുമാരിയെ ഗവർണർ നീക്കംചെയ്തിരുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് സർവകലാശാലയിലെ ക്രമക്കേട് ഗവർണറുടെ ശ്രദ്ധയിൽപെടുത്തിയത്.