ലീഗ് നേതാവിന്റെ ഓഫർ ജോയിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര

Thursday 26 March 2026 1:21 AM IST

മലപ്പുറം: തവനൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി വി.എസ്. ജോയിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ ഉല്ലാസയാത്ര വാഗ്ദാനവുമായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജി. ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റിയിലെ എല്ലാ ഭാരവാഹികൾക്കും 15 ദിവസത്തെ യു.എ.ഇ യാത്രയും താമസവുമുൾപ്പെടെയാണ് ഓഫർ. മംഗലത്തെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു വ്യവസായി കൂടിയായ ബാവഹാജിയുടെ പ്രഖ്യാപനം.

എല്ലാചെലവും സ്വന്തം നിലയ്ക്ക് വഹിക്കും. ഇത് സ്ഥാനാർത്ഥിയുടേയോ പാർട്ടിയുടേയോ പ്രഖ്യാപനമല്ലെന്നും ബാവഹാജി പറഞ്ഞു. എൽ.ഡി.എഫ് സ്വതന്ത്രൻ കെ.ടി.ജലീലും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്‌.ജോയിയും തമ്മിൽ കടുത്ത പോരാട്ടമാണ് തവനൂരിൽ. മണ്ഡല പുനർനിർണയത്തെ തുടർന്ന് 2011ൽ രൂപീകൃതമായശേഷം മൂന്ന് തിരഞ്ഞെടുപ്പുകളിലും ജലീലാണ് വിജയിച്ചത്.

2021ലെ തിരഞ്ഞെടുപ്പിൽ 2,564 വോട്ടിനാണ് ജലീൽ വിജയിച്ചത്. 2016ൽ ഭൂരിപക്ഷം 17,064 വോട്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ 9,440 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. ഏഴ് പഞ്ചായത്തുകളിലും യു.ഡി.എഫാണ്. സീറ്റ് വച്ചുമാറ്റത്തിന്റെ ഭാഗമായി തവനൂർ ലീഗ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് വിട്ടുനൽകിയില്ല. സീറ്റ് ലഭിച്ചാൽ തവനൂരിൽ സ്ഥാനാർത്ഥിയാക്കാൻ ലീഗ് പരിഗണിച്ചവരുടെ ലിസ്റ്റൽ ബാവഹാജിയും ഉൾപ്പെട്ടിരുന്നു.

അതേസമയം, വിദേശയാത്ര വാഗ്ദാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും കളക്ടർ ആവശ്യപ്പെട്ടു. വോട്ടർമാർക്കല്ല,​ പ്രവർ‌ത്തകർക്കാണ് ഓഫറെന്നാണ് യു.ഡി.എഫിന്റെ വാദം.