മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ മൂന്നുപേർ ഒഴിഞ്ഞു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാവാൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ മൂന്ന് പേർ സ്ഥാനമൊഴിഞ്ഞു. പ്രൈവറ്റ് സെക്രട്ടറി എ.പ്രദീപ്കുമാർ, പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, പേഴ്സണൽ അസിസ്റ്രന്റ് വി.എം.സുനീഷ് എന്നിവരാണ് ചുതലയൊഴിഞ്ഞത്.
സി.പി.എം സംസ്ഥാന സമിതി അംഗങ്ങളായ പ്രദീപ്കുമാറും പി. ശശിയും നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ സജീവമാവാൻ വേണ്ടിയാണ് മാറിയത്. പ്രൈവറ്ര് സെക്രട്ടറിയായിരുന്ന കെ.കെ രാഗേഷ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായപ്പോഴാണ് പകരക്കാരനായി മുൻ എം.എൽ.എയായ എ പ്രദീപ് കുമാർ എത്തിയത്. പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയാണ് സി.എം ഓഫീസിലെ സുപ്രധാന ചുമതലകൾ വഹിച്ചിരുന്നത്.
മുഖ്യമന്ത്രിക്കൊപ്പം എപ്പോഴുമുണ്ടാവാറുള്ള വി.എം സുനീഷ് നേരത്തെ പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിൽ പ്രവർത്തിച്ചിരുന്നു. സർക്കാർ ശമ്പളം പറ്റുന്ന പേഴ്സണൽ സ്റ്റാഫ് എന്ന നിലയ്ക്ക് തിരഞ്ഞെടുപ്പ് പരിപാടികളിലും മറ്റും പോകുന്നതിലെ അനൗചിത്യം കണക്കിലെടുത്താണ് സുനീഷ് ചുമതലയിൽ നിന്നു വിട്ടത്.