എം.കെ മുനീറിൻ്റെ വായ്പ കുടിശ്ശിക ലീഗ് അടച്ച് തീർത്തു

Thursday 26 March 2026 1:36 AM IST

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും എം.എൽ.എയുമായ ഡോ.എം.കെ മുനീറിന്റെ ഭവന വായ്പ കുടിശ്ശിക അടച്ചു

തീർത്ത് ലീഗ്. പാർട്ടിയുടെ അക്കൗണ്ടിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ 49 ലക്ഷം രൂപ ഇന്നലെ അടച്ചത്. ഇതോടെ ജപ്തി ഒഴിവായി.

മുൻ മുഖ്യമന്ത്രിയും മുനീറിന്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയ നിർമ്മിച്ചതാണ് കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ 'ക്രസന്റ്' എന്ന വീട്. പുതുക്കിപ്പണിയാനാണ് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് 31നകം പണമടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചത്. ഇതോടെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ സംസാരിച്ചു. മുനീർ പാർട്ടിയോട് സഹായം ചോദിച്ചിരുന്നില്ല. വിഷയം വാർത്തയായതോടെയാണ് നേതൃത്വം ഇടപെട്ടത്. 35 ലക്ഷമാണ് വായ്പയെടുത്തത്. പലിശയടക്കം 58 ലക്ഷമായി. ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം 49 ലക്ഷമാണ് അടയ്ക്കേണ്ടിയിരുന്നത്. 2021ൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ 11 കേസുകളും 92 ലക്ഷത്തിന്റെ ബാദ്ധ്യതയുമുണ്ടെന്ന് മുനീര്‍ പറഞ്ഞിരുന്നു.