ലൈക്ക്..ഷെയർ...ഇത് ന്യൂജെൻ തിരഞ്ഞെടുപ്പ് കാലം
മലപ്പുറം: റീലുകളായും ഷോർട്ട് വീഡിയോകളായും നിയമസഭാ തിരഞ്ഞെടുപ്പ് സമൂഹമാദ്ധ്യമങ്ങൾ തൂക്കുകയാണ്. സ്ഥാനാർത്ഥികൾ ചെയ്ത വികസനപ്രവർത്തനങ്ങൾ ചെറിയ വീഡിയോകളായും ട്രോളുകളായും പോസ്റ്റുകളായും യൂട്യൂബിലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഇൻസ്റ്റഗ്രാമിലുമെല്ലാം നിറയുകയാണ്. വോട്ട് പെട്ടിയിലാവാൻ ജെൻസി പിള്ളേരുടെ ട്രെൻഡിനൊപ്പം ഓടുകയേ വഴിയുള്ളൂ എന്ന അവസ്ഥയിലാണ് സ്ഥാനാർത്ഥികൾ. എ.ഐ സാങ്കേതിക മികവോടെയുള്ള സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ നിറയുന്ന പോസ്റ്ററുകളും വ്യാപകമാണ്.
സ്ഥാനാർത്ഥിയുടെ പ്രചാരണത്തിലെ നിമിഷങ്ങൾ പകർത്താൻ മുഴുവൻ സമയവും ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും കൂടെയുണ്ട്. പ്രചാരണത്തിനിടയിലെ വികാര നിർഭര നിമിഷങ്ങളും കൗതുകക്കാഴ്ചകളും ആലിംഗനങ്ങളുമെല്ലാം പ്രത്യേകം എടുക്കണമെന്നാണ് നിർദ്ദേശം. ഇതിനിടെ കമന്റ് സെക്ഷനുകളിൽ ഗംഭീര ചർച്ചകളും പൊടിപൊടിക്കുന്നുണ്ട്. അല്പം പണം ചെലവായാലും വോട്ടർമാരുടെ മനസ്സിൽ സ്ഥാനമുറപ്പിക്കണം എന്ന നിലപാടിലാണ് സ്ഥാനാർത്ഥികൾ. കാലമെത്ര മുന്നോട്ട് കുതിച്ചാലും സാങ്കേതിക വിദ്യകൾ അടിമുടി മാറിയാലും
പാരഡി ഗാനങ്ങളുടെ ഡിമാൻഡിന് കുറവൊന്നുമില്ല.
തിരക്കോ തിരക്ക്
സ്ഥാനാർത്ഥികളുടെ സോഷ്യൽമീഡിയ പ്രചാരണവും ഡിജിറ്റൽ മാർക്കറ്റിംഗും പി.ആർ ഏജൻസികൾ ഏറ്റെടുത്തിട്ടുണ്ട്. ഇതിനായി വിവിധ പാക്കേജുകളുണ്ട്.
പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും പ്രചാരണങ്ങൾ വൻകിട പി.ആർ ഏജൻസികൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഇതിന് പുറമെയാണ് സ്ഥാനാർത്ഥികൾ സ്വന്തം നിലയ്ക്ക് സോഷ്യൽമീഡിയ പ്രചാരണത്തിന് മറ്റു ഏജൻസികളെ ചുമതലപ്പെടുത്തുന്നത്.
ഷോർട്ട്സുകളും റീലുകളുമാണ് കൂടുതലായും ചെയ്യുന്നത്. ന്യൂജെൻ ട്രെൻഡിന് അനുസരിച്ചാണ് പി.ആർ വർക്കുകൾ ചെയ്യുന്നത്. സാങ്കേതിക വിദ്യ മാറിയതിനനുസരിച്ച് പ്രചാരണത്തിലും വ്യത്യാസം വന്നത് സ്വാഭാവികമാണ്. മഹ്റൂഫ്, പി.ആർ ക്രൂ അംഗം