75 ചാക്ക് കൊട്ടടക്ക കത്തിനശിച്ചു

Thursday 26 March 2026 2:46 AM IST

വണ്ടൂർ : പൊളിച്ചു വിൽക്കാനായി ശേഖരിച്ച 75 ചാക്ക് കൊട്ടടക്ക പൂർണ്ണമായി കത്തി നശിച്ചു. കർഷകന് നാല് ലക്ഷത്തോളം രൂപ നഷ്ടമുണ്ടായി. വണ്ടൂർ ശാന്തിനഗർ പന്തലേൻകുന്നൻ കുഞ്ഞുമുഹമ്മദ് പലയിടങ്ങളിലായി പാട്ടത്തിനെടുത്ത മൂന്നേക്കറിലെ വിളവാണ് നശിച്ചത്. ചെറിയപെരുന്നാളിന്റെ തലേ ദിവസം രാത്രി 11.30 ഓടെയാണ് , താമസിക്കുന്ന വീടിന്റെ തൊട്ടടുത്തുള്ള പഴയ വീടിന്റെ മുറിയിൽ സൂക്ഷിച്ച അടക്ക ചാക്കുകൾ കത്തി നശിച്ചത്. അടുത്ത ദിവസം പൊളിച്ച് വിൽക്കാനായി സൂക്ഷിച്ചതായിരുന്നു.

ആ സമയം കുഞ്ഞുമുഹമ്മദ് വീട്ടിൽ ഇല്ലായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഓടിയെത്തി അണച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് നിഗമനം. കുഞ്ഞുമുഹമ്മദിന്റെ പാസ്പോർട്ടും വസ്ത്രങ്ങളും മറ്റു സാധനങ്ങളും തീയിൽ നശിച്ചിട്ടുണ്ട്.