വൃദ്ധയെ ആക്രമിച്ച് ആഭരണം കവർന്ന യുവാവ് അറസ്റ്റിൽ
കോട്ടക്കൽ: വൃദ്ധയെ ആക്രമിച്ച് ആഭരണം കവർന്ന യുവാവ് അറസ്റ്റിൽ.തോക്കാമ്പാറ കൊച്ചമ്മൽ ഹരികൃഷ്ണയാണ് (31) അറസ്റ്റിലായത്. കോട്ടക്കൽ തോക്കാംമ്പാറ രാജാസ് എച്ച്.എസ്.എസിന് സമീപം ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.വീട്ടിൽ ആരുമില്ലാത്ത നേരത്ത് അയൽവാസിയായ രുഗ്മിണി അമ്മയെയാണ് ( 70) പ്രതിവീട്ടിൽ നിന്നെടുത്ത ജഗ്ഗ് കൊണ്ട് തലക്കടിച്ച് വീഴ്ത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. പ്രതിയുടെ സാമ്പത്തിക ബാദ്ധ്യതയാണ് കൃത്യം ചെയ്യാൻ പ്രേരണയായതെന്ന് കരുതുന്നു. 31 വയസ്സുള്ള പ്രതി സോഫ്റ്റ് വെയർ എൻജിനിയറാണ്. ആഭരണങ്ങൾ കോട്ടക്കലിലെ രണ്ട് ജുവലറികളിൽ വിൽപ്പന നടത്തുകയും ഈ പണം സാമ്പത്തിക ബാദ്ധ്യത തീർക്കാൻ ഉപയോഗിക്കുകയും ചെയ്തു. ബാക്കി തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇയാളുടെ ബാങ്ക് ഇടപാടുകൾ നിരീക്ഷിച്ചതിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.അന്വേഷണത്തിന് കോട്ടക്കൽ സർക്കിൾ ഇൻസ്‌പെക്ടർ ദീപകുമാർ, സബ് ഇൻസ്‌പെക്ടർമാരായ പ്രീത ബാബു, എൻ.രാംദാസ്, എ.എസ്.ഐ അനീഷ് ചാക്കോ എന്നിവർ നേതൃത്വം നൽകി