ക്യാപിറ്റലാകാൻ ഡൽഹി
കഴിഞ്ഞ 18 സീസണിലും കൈയിൽ ഒതുങ്ങാതിരുന്ന കിരീടം സ്വന്തമാക്കി ഐ.പി.എല്ലിന്റെ ക്യാപിറ്റൽ ആകാനാണ് ഡൽഹി ക്യാപിറ്റൽസ് ഒരുങ്ങുന്നത്. സ്‌പിൻ ഓൾറൗണ്ടർ അക്ഷർ പട്ടേലിന്റെ നേതൃത്വത്തിൽ പ്രതീക്ഷ നൽകുന്ന സ്‌ക്വാഡുമായാണ് ഐ.പി.എല്ലിന്റെ പത്തൊമ്പതാം പതിപ്പിന് ഡൽഹിയുടെ പടയൊരുക്കം. അക്ഷർ, കെ.എൽ രാഹുൽ,കരുൺ നായർ, കുൽദീപ് യാദവ്. ട്രിസ്റ്റൻ സ്റ്റബ്‌സ്,മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രമുഖരുൾപ്പെടെ പതിനേഴ് താരങ്ങളെ നിലനിറുത്തിയ ഡൽഹി മിനി ലേലത്തിലൂടെ ഡേവിഡ് മില്ലർ, പതും നിസ്സാങ്ക,ഔകിബ് നബി,ലുങ്കി എൻഗിഡി, കെയ്ൽ ജാമീസൺ, പ്രിഥ്വിഷാ എന്നിവരെയെല്ലാം ടീമിലെത്തിച്ച് സ്ക്വാഡ് കരുത്തുറ്റതാക്കി. ട്രേഡിംഗിലൂടെ ഫോമിലുള്ള നിതീഷ് റാണയേയും സ്വന്തമാക്കി.
കരുത്ത്
മികച്ച ബാറ്റിംഗ് നിരയാണ് ഡൽഹിയുടെ. മില്ലർ, നിസ്സാങ്ക, പ്രിഥ്വി, നിതീഷ് എന്നിവരെ ടീമിലെത്തിച്ചത് ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. അക്ഷറും കുൽദീപ് യാദവും അണിനിരക്കുന്ന സ്പിൻ ഡിപ്പാർട്ടുമെന്റും ശക്തം. ആകെ 60 വിക്കറ്റ് നേടി ജമ്മു കാശ്‌മീരിന്റെ കന്നിരഞ്ജി കിരീട നേട്ടത്തിൽ മുഖ്യപങ്കുവഹിച്ച ഔകിബ് നബി വരുന്നത് പേസ് ഡിപ്പാർട്ട്‌മെന്റിന് മുതൽക്കൂട്ടാകും,. 8.4 കോടിക്ക് ലേലത്തിൽ സ്വന്തമാക്കിയ ഔകിബ് പേസ് ഡിപ്പാർട്ട്മെന്റിന് മുതൽക്കൂട്ടാണ്. പ്രത്യേകിച്ച് സ്റ്റാർക്കിന്റെ അഭാവത്തിൽ.
തിരിച്ചടി
ലീഡിംഗ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ പരിക്കാണ് പ്രധാന തലവവേദന. താരത്തിന് തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമാകുമെന്ന് ഏറെക്കൂറെ ഉറപ്പാണ്. സ്റ്റാർക്കിന് ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകുന്നത് കാത്തിരിക്കുകയാണ് ഡൽഹി മാനേജ്മെന്റും ആരാധകരും. ഓപ്പണിംഗ് റോൾ മുന്നിൽക്കണ്ട് ലേലത്തിൽ രണ്ട് കോടിക്ക് ടീമിലെത്തിച്ച ബെൻ ഡക്കറ്റ് കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ നിന്ന് പിന്മാറിയതും തിരിച്ചടിയായി. ഇംഗ്ലണ്ട് ടീമിന്റെ വരാനിരിക്കുന്ന സീസണിന് മുന്നോടിയായി മാനസികമായും ശാരീരികമായും തയ്യാറെടുക്കുന്നതിനാണ് ഡക്കറ്റ് ഐ.പി.എൽ ഒഴിവാക്കിയത്. താരത്തിന് 2029വരെ ഐ.പി.എല്ലിൽ കളിക്കുന്നതിന് വിലക്ക് വരും.ഡക്കറ്റിന് പകരക്കാരനെ എടുത്തിട്ടില്ല.
ലക്ഷ്യം കന്നിക്കിരീടം
കഴിഞ്ഞ സീസണിൽ തുടർച്ചയായി 4 ജയങ്ങളുമായി നന്നായി തുടങ്ങിയെങ്കിലും പ്ലേ ഓഫിൽ എത്താൻ അവർക്കായിരുന്നില്ല. അവസാനം നടന്ന പൂർത്തിയായ 5 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയിക്കാനായ അവർ അഞ്ചാമതാണ് ഫിനിഷ് ചെയ്‌തത്. കഴിഞ്ഞ നാല് സീസണിലും ഡൽഹിക്ക് പ്ലേഓഫിൽ എത്താനായിരുന്നില്ല. 2020ൽ റണ്ണറപ്പായതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം.
ഇതുവരെ ഐ.പി.എൽ കിരീടം നേടാനാകാത്ത രണ്ട് ടീമുകളിൽ ഒന്നാണ് ഡൽഹി( പഞ്ചാബ് കിംഗ്‌സാണ് മറ്റൊരു ടീം).
ബാറ്റർമാർ-കരുൺ നായർ, പതും നിസ്സാങ്ക,ഡേവിഡ് മില്ലർ, പ്രിഥ്വി ഷാ, ട്രിസ്റ്റൻ സ്റ്റബ്‌സ്, സഹിൽ പരാഖ്.
വിക്കറ്റ് കീപ്പർമാർ- കെ.എൽ രാഹുൽ, അഭിഷേക് പോറൽ,
ഓൾറൗണ്ടർമാർ- അക്ഷർ പട്ടേൽ (ക്യാപ്‌ടൻ), സമീർ റിസ്‌വി,അഷുതോഷ് ശർമ്മ,വിപ്രജ് നിഗം,അജയ് മണ്ടൽ,ത്രിപുരാന വിജയ്,മാധവ് തിവാരി, ഔകിബ് നബി, നിതീഷ് റാണ.
ബൗളർമാർ- മിച്ചൽ സ്റ്റാർക്ക് (പരിക്ക്),ടി.നടരാജൻ,മുകേഷ് കുമാർ,ദുഷ്മന്ത ചമീര,ലുങ്കി എൻഗിഡി, കെയ്ൽ ജാമീസൺ, കുൽദീപ് യാദവ്.