'മത്സരിക്കാത്തത്  വ്യക്തിപരമായ  തീരുമാനം'; പുതുതലമുറയുടെ  വഴിമുടക്കാൻ  ആഗ്രഹിക്കുന്നില്ലെന്ന് പി എസ്  ശ്രീധരൻ പിള്ള

Thursday 26 March 2026 8:02 AM IST

ചെങ്ങന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ചെങ്ങന്നൂരിൽ നിന്ന് മത്സരിക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് ഗോവ മുൻ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള. മത്സരിക്കാത്തത് വ്യക്തിപരമായ തീരുമാനമാണെന്നും പുതുതലമുറയുടെ വഴിമുടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻപ് തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ രാഷ്ട്രീയത്തിൽ അധികാരം ഒരു ലഹരിയായി മാറിയിരിക്കുകയാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രിയായ പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനും ബിജെപിക്കെതിരെ ഉയർത്തിയ ഡീൽ ആരോപണങ്ങൾക്കെതിരെയും ശ്രീധരൻ പിള്ള വിമർശിച്ചു. ഡീൽ ആരോപണത്തിന്റെ ഉത്തരവാദിത്തം എൽഡിഎഫിനും യുഡിഎഫിനുമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്താൽ വിജയിക്കില്ലെന്ന ധാരണ മാറി. സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ബിജെപി ഭരണത്തിൽ വന്നിട്ടുണ്ട്.

മുഖ്യമന്ത്രി ഉയർത്തുന്ന കോലീബി സഖ്യാരോപണം വസ്തുതാവിരുദ്ധവും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജനസംഘവുമായി ചേർന്ന് സിപിഎം മത്സരിച്ച സംഭവങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവനകൾ ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും വിമർശിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉന്നയിക്കുന്ന ആരോപണങ്ങൾ ദുരുദ്ദേശത്തോടെയാണ്. ബിജെപിയുടെ മുന്നേറ്റം തടയാനാകാത്ത സാഹചര്യത്തിലാണ് കുപ്രചാരണങ്ങൾ നടക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം എൻഡിഎയ്ക്ക് അനുകൂലമാണ്. സംസ്ഥാനത്ത് എൻഡിഎ വലിയ വിജയം നേടുമെന്നും ശ്രീധരൻ പിള്ളപറഞ്ഞു.