ശബരിമല കൊടിമര പുനർനിർമാണം; കേസെടുക്കാൻ തെളിവില്ലെന്ന്  വിജിലൻസ്, ത്വരിതാന്വേഷണ  റിപ്പോർട്ട് സമർപ്പിക്കും

Thursday 26 March 2026 8:53 AM IST

കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ ക്രമക്കേടിൽ കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്. ത്വരിതാന്വേഷണ റിപ്പോർട്ടിലാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ഇത് ഹെെക്കോടതിക്ക് കെെമാറും. 412 ഗ്രാം സ്വർണമാണ് കൊടിമര നിർമ്മാണത്തിനായി സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭാവന നൽകിയ നടന്മാ‌ർ അടക്കം 23 പേരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. എന്നാൽ നാലുപേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിക്കും.

ശബരിമലയിലെ പഴയ കൊടിമരം മാറ്റി സ്ഥാപിച്ചത് ദേവപ്രശ്നവിധി പ്രകാരമാണ്. കൊടിമരത്തിൽ അനധികൃതമായി പെയിന്റടിച്ചതും ജീർണതയും ദോഷമാണെന്ന് ദേവപ്രശ്നത്തിൽ കണ്ടതോടെയാണ് പുനഃപ്രതിഷ്ഠയ്ക്ക് വഴിതുറന്നത്. ഇത് തെളിയിക്കുന്ന നിർണായക ദേവപ്രശ്ന ചാർത്ത് പുറത്തുവന്നിരുന്നു. കൊടിമരത്തിന്റെ മുകളിൽ ലേപനപ്രക്രിയ ചെയ്തിരിക്കുന്നത് ദോഷമാണ്. ജീർണത ലക്ഷണമുണ്ടെന്നുമാണ് ചാർത്തിൽ പറയുന്നത്. അതിനാൽ കൊടിമരം മാറ്റി തടികൊണ്ടുള്ള പുതിയ കൊടിമരം സ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ നിർദേശിക്കുകയായിരുന്നു.

ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേവപ്രശ്നം. 2014 ജൂൺ 18നാണ് ദേവപ്രശ്നം നടന്നത്. യുഡിഎഫ് സർക്കാർ നിയോഗിച്ച് എം പി ഗോവിന്ദൻ നായർ പ്രസിഡന്റായിട്ടുള്ള ബോർഡായിരുന്നു ആ സമയത്ത്. 2017 ഫെബ്രുവരിയിലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ആകെ വേണ്ടിവന്ന 9573 ഗ്രാം സ്വർണത്തിൽ 412.010 ഗ്രാം 27 ഭക്തരിൽ നിന്നുള്ള സംഭാവനയായിരുന്നു.