ഈ ചോക്ളേറ്റിന് വില കിലോയ്ക്ക് ₹4.3 ലക്ഷം!

Wednesday 23 October 2019 5:40 AM IST

മുംബയ്: ഒരു കിലോ ചോക്ളേറ്രിന് വില 4.3 ലക്ഷം രൂപ! ഐ.ടി.സിയുടെ 'ആഡംബര" ചോക്ളേറ്ര് ബ്രാൻഡായ ഫേബൽ എക്‌സ്‌ക്വിസിറ്റാണ് ലോകത്തെ ഏറ്റവും വില കൂടിയ ചോക്ളേറ്റായ 'ഫേബൽ ട്രിനിറ്റി ട്രഫിൾസ് എക്‌സ്‌ട്രഓർഡിനെയർ" വിപണിയിലെത്തിച്ച് ഗിന്നസ് ലോക റെക്കാഡ് ബുക്കിൽ കയറിയത്.

ഫ്രാൻസിലെ ഇതിഹാസ മിഷെലിൻ സ്‌റ്റാർ ഷെഫ് ആയ ഫിലിപ്പെ കോണ്ടീസിനിയുമായി ചേർന്നാണ് ഈ ലിമിറ്രഡ് എഡിഷൻ ചോക്ലേറ്ര് ഫേബൽ തയ്യാറാക്കിയത്. മുംബയിൽ അവതരിപ്പിച്ച കേക്ക് അതിവേഗം വിറ്റഴിയുകയും ചെയ്‌തു. 2012ൽ ഡെന്മാർക്കിലെ ആർട്ടിസാൻ ചോക്ളേറ്റിയർ ഫ്രിറ്റ്‌സ് നിപ്‌ഷിൽറ്റ് നിർമ്മിച്ച ചോക്ളേറ്രിന്റെ റെക്കാഡ് വിലയാണ് ഫേബൽ മറികടന്നത്. 'ലാ മെഡലിൻ ഓ ട്രഫിൾ" എന്ന ആ ചോക്ളേറ്രിന് വില ഇന്നത്തെ നിരക്കുപ്രകാരം കിലോയ്ക്ക് 3.36 ലക്ഷം രൂപയാണ്.

ഓർഡർ അനുസരിച്ച് നിർമ്മിച്ച് കൊടുക്കുന്ന ഫേബൽ ട്രിനിറ്റി ട്രഫിൾസ് എക്‌സ്‌ട്രഓർഡിനെയർ ചോക്ളേറ്രിന് ക്രിയേറ്റർ,​ നർച്ചറർ,​ ഡിസ്‌ട്രോയറർ എന്നീ ശ്രേണികളുണ്ട്. നികുതി ഉൾപ്പെടെ ഒരുലക്ഷം രൂപയ്ക്ക് മുതൽ ഈ ചോക്ളേറ്ര് പ്രത്യേക ബോക്‌സിൽ ലഭിക്കും.