രോഹിത്തും സൂര്യയുമുള്ളപ്പോൾ ഹാർദിക് മുംബയുടെ ക്യാപ്റ്റനാകണോ? വിശദീകരണവുമായി മുൻ ഇന്ത്യൻ താരം
മുംബയ്: ഐപിഎൽ 2026 സീസൺ തുടങ്ങാനിരിക്കെ മുംബയ് ഇന്ത്യൻസ് നായകനായ ഹാർദ്ദിക് പാണ്ഡ്യയെ നീക്കി പകരം സൂര്യകുമാർ യാദവിന് സ്ഥാനം നൽകണമെന്ന് ചില ഭാഗത്ത് നിന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു. മുൻ ഇന്ത്യൻ താരമായിരുന്ന കൃഷ്‌ണമചാരി ശ്രീകാന്ത്, ഹാർദിക് സ്ഥാനം സൂര്യയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മുംബയുടെ ക്യാപ്‌റ്റൻസി ചർച്ചയിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
ഫ്രാഞ്ചൈസി മറ്റൊരു ക്യാപ്റ്റൻസി മാറ്റം ഇപ്പോൾ നടത്തേണ്ടയെന്നാണ് കൈഫ് പറയുന്നത്. മുംബയ്ക്ക് രോഹിത് ശർമ്മയും സൂര്യകുമാർ യാദവുമടക്കം നിരവധി അനുഭവപരിചയമുള്ള താരങ്ങളുണ്ട്. രോഹിത്തും സൂര്യയും ഇന്ത്യൻ ട്വന്റി20 ടീമിന് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്മാരാണ്. ഇവരിരിക്കെ ഹാർദിക് നായകനാകുന്നതാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ കൈഫിന്റെ അഭിപ്രായം ഇങ്ങനെ: 'മുംബയ് ഇന്ത്യൻസ് അവർ ഒരിക്കൽ ചെയ്‌ത തെറ്റ് വീണ്ടും ആവർത്തിക്കണം എന്ന് അഭിപ്രായമില്ല. രോഹിത്തിനെ നീക്കി പകരം പാണ്ഡ്യയെ കൊണ്ടുവന്ന സീസണിൽ അവരുടെ പ്രകടനം മോശമായിരുന്നു. എന്നാൽ ഹാർദിക് അയാളുടെ ഭാഗം ഇപ്പോൾ മെച്ചപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ രണ്ടാം ക്വാളിഫയറിൽ മുംബയ് എത്തി. അതുകൊണ്ട് ക്യാപ്റ്റൻ റോളിൽ അയാൾ മികച്ച പ്രകടനമാണ് നടത്തുന്നത്.'
ട്രെൻഡിനനുസരിച്ച് ക്യാപ്റ്റനെ മാറ്റരുതെന്ന് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ കൈഫ് പറയുന്നു. 'സൂര്യ ക്യാപ്റ്റനാക്കാവുന്ന മികച്ച താരങ്ങളിൽ ഒരാളാണ്. പക്ഷെ അത് മുംബയ് രോഹിത്തിനോട് ചെയ്‌തതുപോലെ ആകരുത്. ഹാർദിക് വന്നപ്പോൾ ഇപ്പോൾ ഞങ്ങൾക്ക് ഹാർദിക് പാണ്ഡ്യയുണ്ട്, ഗുജറാത്തിന് കിരിടം നേടിക്കൊടുത്ത താരം. അതുകൊണ്ട് അയാൾ ഇനി എംഐയെ നയിക്കും എന്ന് പറഞ്ഞു. ഇപ്പോൾ സൂര്യയാണ് സംസാര വിഷയം. അടുത്തവർഷം മറ്റൊരാൾ വരുമ്പോൾ നിങ്ങളപ്പോൾ സൂര്യയെയും മാറ്റുമോ?' മാർച്ച് 29ന് കൊൽക്കത്തയുമായാണ് മുംബയ് ഇന്ത്യൻസിന്റെ ആദ്യ മത്സരം.