മഞ്ചേശ്വരത്ത് എസ്‌ഡിപിഐ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ചേർന്ന യോഗത്തിൽ കലഹം, പാർട്ടി ഭാരവാഹിത്വം ഒഴിയുന്നതായി സ്ഥാനാർത്ഥി അഷ്‌റഫ്

Thursday 26 March 2026 5:33 PM IST

കാസർകോട്: മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് എസ്‌ഡിപിഐയിൽ രൂക്ഷമായ കലഹം. സംസ്ഥാന പ്രസിഡന്റ് സി പി അബ്‌ദുൾ ലത്തീഫിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി കെ എം അഷ്‌റഫ് തയ്യാറായിരുന്നില്ല.

സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം ശക്തമായതോടെ അഷ്‌റഫ് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തീരുമാനിച്ചു. ഇതോടൊപ്പം പാർട്ടി ഭാരവാഹിത്വവും അംഗത്വവും രാജിവയ്‌ക്കുന്നതായി അറിയിച്ചു. എസ്‌ഡിപിഐ ജില്ലാ കൗൺസിൽ അംഗമാണ് കെ എം അഷ്‌റഫ്. യോഗത്തിൽ നിന്നും അഷ്‌റഫ് ഇറങ്ങിപ്പോകുകയും ചെയ്‌തു. സ്ഥാനാർത്ഥിത്വം പിൻവലിക്കാനായി നേരെ കാസർകോട് കളക്‌ടറേറ്റിലേക്കാണ് അഷ്‌റഫ് പോയത്.

യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ എസ്ഡിപിഐയുടെ സ്ഥാനാർത്ഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും അത് ഡീലിന്റെ ഭാഗമാണെന്നുമാണ് യുഡിഎഫ് ആരോപിച്ചിരുന്നത്. ബിജെപിക്ക് ഗുണം ചെയ്യും എന്ന കാരണത്താൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. എന്നാൽ ഇത്തവണ എന്തുകൊണ്ട് ആ സമീപനം സ്വീകരിച്ചില്ലെന്നും സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. തുടർന്നാണ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത്.