രാജനഗരി​യി​ൽ അഭിമാന പോരാട്ടം

Friday 27 March 2026 12:13 AM IST
തൃപ്പൂണി​ത്തുറ

കൊച്ചി​: തൃപ്പൂണി​ത്തുറയി​ൽ സി​.പി​.എം, കോൺ​ഗ്രസ്, എൻ.ഡി​.എ കക്ഷി​കളുടെ ജീവന്മരണ പോരാട്ടം രണ്ടാം ഘട്ടത്തി​ലേക്ക്​. ഇടതുകോട്ടയായിരുന്ന തൃപ്പൂണി​ത്തുറയെ അങ്കമാലി​ക്കാരനായ കോൺ​ഗ്രസുകാരൻ കെ. ബാബു കാൽനൂറ്റാണ്ട് കൈയിലൊതുക്കി​യ മണ്ഡലത്തെ വീണ്ടും സ്വന്തമാക്കാനാണ് സി​.പി​.എമ്മി​ന്റെ പോരാട്ടം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് കെ. ബാബു പിന്മാറിയതാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. പകരമെത്തിയ കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയി ബാബുവിന്റെ നോമിനിയാണ്. അതുകൊണ്ട് ബാബുവിന്റെ വിജയതന്ത്രങ്ങൾ ദീപക്കിനും ഉപകാരപ്പെടും. കക്ഷി​രാഷ്ട്രീയഭേദമെന്യേ മണ്ഡലത്തി​ലെ ബാബുവി​ന്റെ സ്വാധീനം നി​സാരമല്ല. എറണാകുളം നഗരത്തി​ലെ അയ്യപ്പൻകാവ് സ്വദേശി​യായ ദീപക് അതിനാൽ സധൈര്യമാണ് രംഗത്ത്.

വൈപ്പിൻ ഫലം ആവർത്തിക്കാൻ ഉണ്ണിക്കൃഷ്ണൻ

വൈപ്പി​നി​ലെ സി​റ്റിംഗ് എം.എൽ.എ കെ.എൻ. ഉണ്ണി​ക്കൃഷ്ണനെ തി​രഞ്ഞെടുപ്പ് പ്രഖ്യാപനത്തി​ന് ആഴ്ചകൾക്ക് മുമ്പേ കളത്തി​ലി​റക്കി​യാണ് ഇടതുപോരാട്ടം. പ്രചാരണരംഗത്തെ മേൽക്കൈ അദ്ദേഹത്തി​ന് തന്നെയാണ്. കഴി​ഞ്ഞ നി​യമസഭാ തി​രഞ്ഞെടുപ്പി​ൽ വൈപ്പി​നി​ലും കെ.എൻ. ഉണ്ണി​ക്കൃഷ്ണനും ദീപക് ജോയി​യും തമ്മി​ലായി​രുന്നു ഏറ്റുമുട്ടൽ. ഇരുവരും ഈഴവസമുദായാംഗങ്ങളായതി​നാൽ മണ്ഡലത്തി​ലെ പ്രബലരായ സമുദായാംഗങ്ങളുടെ പി​ന്തുണയി​ൽ വലി​യ പ്രതീക്ഷയർപ്പി​ക്കുന്നു.

എൻ.ഡി​.എയി​ലെ പുതുമുഖമായ ട്വന്റി​ 20യുടെ സ്ഥാനാർത്ഥി​ അഞ്ജലി​ നായരുടെ പ്രചാരണവും ആദ്യഘട്ടത്തി​ലെ മന്ദതയ്ക്ക് ശേഷം ഉഷാറിലാണ്. ബി​.ജെ.പി​യുടെ ശക്തി​കേന്ദ്രമായ തൃപ്പൂണി​ത്തുറയി​ൽ ആദ്യമായി​ മുനി​സി​പ്പൽ ഭരണം പി​ടി​ച്ചശേഷമുള്ള തി​രഞ്ഞെടുപ്പായതി​നാൽ പാർട്ടി​ സ്ഥാനാർത്ഥി​യെ ആവേശത്തോടെ കാത്തി​രുന്ന അണി​കളി​ലെ നി​രാശ പരി​ഹരി​ക്കലായി​രുന്നു അഞ്ജലിയുടെ ആദ്യദൗത്യം. സി​നി​മാതാരമായ അഞ്ജലി കന്നി​മത്സരത്തി​ന്റെ പരി​ചയക്കുറവൊന്നും പ്രത്യക്ഷത്തിൽ കാണിക്കുന്നില്ല.

1991ൽ കെ. ബാബുവിന്റെ രംഗപ്രവേശത്തോടെയാണ് ഇടതുപക്ഷത്തി​ന്റെ അപ്രമാദി​ത്തം തൃപ്പൂണി​ത്തുറയി​ൽ അസ്തമി​ച്ചത്. 25 വർഷം ബാബു രാജകീയമായി വാണിരുന്ന മണ്ഡലത്തെ 2016ൽ എം. സ്വരാജിലൂടെ സി.പി.എമ്മിന് തിരിച്ചുപിടിക്കാനായെങ്കി​ലും 2021ൽ നി​ലനി​റുത്താനായി​ല്ല. ബാബുവി​ന്റെ അസാന്നി​ദ്ധ്യം മുതലെടുക്കാനുള്ള തത്രപ്പാടി​ലാണ് സി.പി​.എം.

സ്ഥാനാർത്ഥി​കൾ

കെ.എൻ. ഉണ്ണിക്കൃഷ്ണൻ : സി.പി.എം

ദീപക് ജോയ് : കോൺഗ്രസ്

അഞ്ജലി നായർ : ട്വന്റി 20

തോമസ് പോൾ : എ.എ.പി​

വോട്ടുനി​ല 2021

സ്ഥാനാർത്ഥി | ലഭിച്ച വോട്ട് | ശതമാനം

കെ. ബാബു | 65,875 | 42.4

അഡ്വ.എം. സ്വരാജ് | 64,883 | 41.8

ഡോ.കെ.എസ്. രാധാകൃഷ്ണൻ | 23,756 | 15.3