ചർച്ച പരാജയം: ഇന്നുമുതൽ നഴ്സുമാർ സമരത്തിലേക്ക്

Friday 27 March 2026 12:59 AM IST

തൃശൂർ: ആശുപത്രി മാനേജുമെന്റുകളെയും നഴ്‌സുമാരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള ഹൈക്കോടതി മീഡിയേഷൻ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്നുമുതൽ നഴ്‌സുമാർ സമ്പൂർണ പണിമുടക്കിലേക്ക്. അഡ്വ. മുഹമ്മദ് ഷിറാജ് മീഡിയേറ്ററായി ഇന്നലെയും കഴിഞ്ഞദിവസവും ചർച്ച നടന്നിരുന്നു. സർക്കാർ നിശ്ചയിച്ചാലേ ശമ്പളവർദ്ധനവ് അംഗീകരിക്കൂവെന്ന നിലപാടിൽ കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷനും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനും ഉറച്ചുനിന്നു. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാത്ത ആശുപത്രി മാനേജ്മെന്റുകളുമായിട്ടായിരുന്നു ചർച്ച. 26 ആശുപത്രികളാണ് ആവശ്യം അംഗീകരിക്കാത്തത്. ഇവിടെയാകും സമരം നടക്കുക. പിരിച്ചുവിടൽ, തരംതാഴ്ത്തൽ, ജോലിക്ക് കയറ്റാതിരിക്കൽ, വകുപ്പ് മാറ്റൽ തുടങ്ങിയ പ്രതികാര നടപടികൾ മാനേജ്‌മെന്റുകൾ സമരം ചെയ്ത നഴ്‌സുമാർക്കെതിരെ സ്വീകരിക്കുന്നുവെന്നും യു.എൻ.എയ്ക്ക് പരാതിയുണ്ട്.