ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം സമർപ്പിക്കുന്നത് വൈകും, സ്വർണപ്പാളി പരിശോധനാ ഫലം ലഭിക്കുന്നത് ഏപ്രിൽ അവസാനത്തോടെ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ കുറ്റപത്രം സമർപ്പിക്കുന്നത് വൈകാൻ സാദ്ധ്യത. സന്നിധാനത്തെ ലോഹപ്പാളികളുടെ വിശദമായ സാമ്പിൾ പരിശോധനാ ഫലം ലഭ്യമാക്കാൻ ഏപ്രിൽ അവസാനമാകുമെന്ന് ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി അറിയിച്ചതായി എസ്.ഐ.ടി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. ഇതോടെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി മേയ് 18വരെ സമയം അനുവദിച്ചു. എസ്.ഐ.ടി അന്വേഷണം ശരിയായ ദിശയിൽ ചിട്ടയോടെയാണ് പുരോഗമിക്കുന്നതെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനാ ഫലം വരാതെ സമഗ്ര റിപ്പോർട്ട് സാദ്ധ്യമാകില്ലെന്നും വിലയിരുത്തി.
അന്വേഷണ സംഘത്തിന് ഈ മാസം 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. നിലവിൽ 358 സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ട്. കർണാടകയിലെ മഹാലക്ഷ്മി ലേഔട്ട് ക്ഷേത്രം, മുണ്ടോട്ടി പാളയം ക്ഷേത്രം, ശ്രീരാമപുരം ക്ഷേത്രം, ഗൗരിബിദന്നൂർ, ബെല്ലാരി, ഹോങ്കസാന്ദ്ര, വ്യാലിക്കാവൽ എന്നിവിടങ്ങളിലും ആന്ധ്രാപ്രദേശിലെ മദനപ്പള്ളി, അനന്തപൂർ എന്നിവിടങ്ങളിലും അന്വേഷണം നടത്തി. 2025ൽ നടന്ന ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണം പൂശലുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ 20 സാക്ഷികളെ ചോദ്യം ചെയ്തതായും എസ്.ഐ.ടി കോടതിയെ അറിയിച്ചു.