വെന്തുരുകി കേരളം, ആശ്വാസമായി മഴയെത്തുന്നു; തിങ്കളാഴ്ച വരെ തകര്‍ത്ത് പെയ്യുമെന്ന് മുന്നറിയിപ്പ്

Thursday 26 March 2026 9:56 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 36 ഡിഗ്രി സെല്‍ഷ്യസ് ആണ് കേരളത്തിലെ താപനില. പോതു ഇടങ്ങളിലും നഗരങ്ങളിലും ഇതില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നുണ്ട്. പൊള്ളുന്ന ചൂടിന് ആശ്വാസമായി കേരളത്തില്‍ മഴ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴ പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ നേരത്തെ തന്നെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പകല്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശമേള്‍ക്കുന്ന രീതിയില്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. പുറത്ത് ജോലി ചെയ്യുന്നവര്‍ ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാദ്ധ്യത പ്രവചിക്കപ്പെട്ടതോടെ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.