വീണ്ടും അടിതെറ്റി സ്വർണ വില
സമാധാനം അകലെയെന്ന് ആശങ്ക
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധ തീവ്രതയിൽ അയവില്ലാത്തതിനാൽ രാജ്യാന്തര വിപണിയിൽ നിക്ഷേപകർ വീണ്ടും സ്വർണത്തെ കൈവിടുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥിരതയില്ലാത്ത നിലപാടുകളും വിപണിയെ ആശങ്കയിലാക്കുന്നു. ഇറാനുമായി വെടിനിറുത്തലിന് അരങ്ങോരുങ്ങിയെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണ വിലയിൽ ഇന്നലെ തിരുത്തൽ ശക്തമായി. സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഔൺസിന് 4,450 ഡോളറലേക്കാണ് താഴ്ന്നത്. നിക്ഷേപകർ സ്വർണത്തിൽ നിന്ന് അമേരിക്കൻ ഡോളർ, ബോണ്ടുകൾ എന്നിവയിലേക്ക് മാറിയതാണ് വിലയിടിവിന് കാരണം.
കേരളത്തിൽ ഇന്നലെ പവൻ വില രണ്ട് തവണയായി 2,200 രൂപ കുറഞ്ഞ് 1,06,000 രൂപയിലേക്ക് താഴ്ന്നു. രാവിലെ ഗ്രാമിന് 60 രൂപയും ഉച്ചയ്ക്ക് 215 രൂപയുമാണ് കുറഞ്ഞത്. അമേരിക്ക സമാധാന ശ്രമങ്ങൾ ശക്തമാക്കുമ്പോഴും ഇറാൻ വഴങ്ങാത്തതാണ് നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 108 ഡോളറിലേക്ക് തിരിച്ചുയർന്നതിനാൽ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള സാദ്ധ്യത മങ്ങി.
യുദ്ധം തുടർന്നാൽ രൂപ തകരും
പശ്ചിമേഷ്യയിലെ യുദ്ധം അനിശ്ചിതമായി നീണ്ടാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 96 വരെ കുറഞ്ഞേക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. നിലവിൽ ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയില്ലെങ്കിലും ഗൾഫ് ക്രൂഡ്, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതി സാധാരണ നിലയിലായില്ലെങ്കിൽ രാജ്യത്തിന്റെ വ്യാപാര കമ്മി അപകടകരമായ തോതിലേക്ക് ഉയരും. ക്രൂഡിന്റെ വില ഒരു ഡോളർ കൂടിയാൽ ഇന്ത്യയുടെ ഇറക്കുമതി ബാദ്ധ്യത 1,500 കോടി രൂപയിലധികം ഉയരും. റഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ചെലവേറുമെന്നും അവർ പറയുന്നു. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് ഒരു ശതമാനം വരെ കുറയാനും ഇന്ധന പ്രതിസന്ധി കാരണമാകും.
നിക്ഷേപകർക്ക് പരീക്ഷണ കാലം
രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് കടുത്ത പരീക്ഷണമാണ് ഇറാൻ യുദ്ധം സൃഷ്‌ടിക്കുന്നത്. യുദ്ധം തീരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഓഹരി വിപണിയിൽ സജീവമായ ചെറുകിട നിക്ഷേപകർ മുൾമുനയിലാണ്. അമേരിക്കയുടെ നിർദേശങ്ങൾ പൂർണമായും ഇറാൻ തള്ളിക്കളഞ്ഞതോടെ വിപണിയിൽ വിൽപ്പന സമ്മർദ്ദം ഇനിയും കൂടിയേക്കും.