അതിർത്തിയിൽ പരിശോധന കർശനം

Friday 27 March 2026 1:03 AM IST
തൃശ്ശൂർ-പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിൽ മുതലമടയിലെ തമിഴ്നാട് അതിർത്തി ചെക്ക്‌പോസ്റ്റായ ഗോവിന്ദാപുരത്ത് നടക്കുന്ന പരിശോധന.

 3 ഷിഫ്റ്റിലായി 3 ടീം

മുതലമട: നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവേ തമിഴ്നാട് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് ടീമുകളായി 8 പേരടങ്ങിയ സംഘം 24 മണിക്കൂറും ചെക്‌പോസ്റ്റിൽ കർശന പരിശോധന നടത്തുന്നുണ്ട്. തൃശൂർ പൊള്ളാച്ചി അന്തർസംസ്ഥാനപാതയിലെ പ്രധാന അതിർത്തി ചെക്ക്‌പോസ്റ്റായ ഗോവിന്ദാപുരത്തും സമീപപഞ്ചായത്തായ പെരുമാട്ടിയിലെ മീനാക്ഷിപുരം ഗോപാലപുരം തുടങ്ങിയ ചെക്ക്‌പോസ്റ്റുകളിലും സമാന രീതിയിലാണ് പരിശോധന. റവന്യൂ ഉദ്യോഗസ്ഥരും കേന്ദ്ര സേനാഗംങ്ങളും പൊലീസും ഡ്രൈവർമാരും വീഡിയോഗ്രാഫറും ക്യാമറമാനും ഉൾപ്പെടുന്നതാണ് ഇലക്ഷൻ കമ്മീഷന്റെ പരിശോധ സംഘം. നിലവിൽ ഇലക്ഷൻ കമ്മീഷന്റെ തെരഞ്ഞെടുപ്പ് ചട്ടലംഘനം സംബന്ധിച്ച യാതൊരു കേസും ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധിക്കുന്നത്.

ഇതിനു പുറമേ എക്‌സൈസിന്റെ സ്‌പെഷ്യൽ സ്ക്വാഡും ജി.എസ്.ടിയും പൊലീസ് സംഘവും ചെക്‌പോസ്റ്റിൽ പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട്ടിലൂടെ വരുന്ന ഇരുചക്രവാഹനങ്ങൾ, കാറുകൾ, ബസുകൾ, ലോറികൾ,ചരക്ക് വാഹനങ്ങൾ തുടങ്ങിയ എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് ശേഷമെ അതിർത്തി കടത്തി കേരളത്തിലേക്ക് വിടുന്നുള്ളു. കൂടാതെ സംശയാസ്പദമായ കാൽനടയാത്രക്കാരെയും സംഘം പരിശോധിയ്ക്കുന്നുണ്ട്. കേരളത്തിൽ തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ ഇവിടെ പരിശോധിക്കുന്നില്ലെങ്കിലും തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം പരിശോധിക്കുന്നുണ്ട്. തമിഴ്നാട് പൊലീസും സ്‌പെഷൽ സ്‌ക്വാഡും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് തമിഴ്നാട്ടിൽ പരിശോധന നടത്തുന്നത്. അതിർത്തി പോസ്റ്റുകളിൽ പരിശോധന കർശനമായിരിക്കുമ്പോഴും അമിതഭാരം കയറ്റി ടോറസ് ലോറികൾ തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തി വിലസുകയാണ്. ചെക്ക്‌പോസ്റ്റുകളിൽ പരിശോധന സംഘങ്ങൾ കർശന പരിശോധനകൾ നടത്തുമ്പോഴും അമിതഭാരം കയറ്റിയ കരിങ്കൽ ലോറികൾ അതിർത്തി കടന്നു വിലസുന്നതിന് പിന്നിൽ രാഷ്ട്രീയ ഉന്നതർ ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.