വി.എച്ച്.എസ്.ഇ ക്ക് ദേശീയ അംഗീകാരം
Friday 27 March 2026 12:00 AM IST
തിരുവനന്തപുരം: സംസ്ഥാന വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ (വി.എച്ച്.എസ്.ഇ) വിഭാഗത്തിന് ദേശീയ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള എൻ.സി.വി.ഇ.ടി ‘അവാർഡിംഗ് ബോഡി -ഡ്യുവൽ (എ. ബി. ഡ്യുവൽ) പദവി ലഭിച്ചു. ഇത് സംബന്ധിച്ച് എൻ.സി.വി.ഇ.ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ വിക്രം സിംഗ് ഭാട്ടി ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ഒ.എഫ്) അനുസരിച്ചുള്ള കോഴ്‌സുകൾ രൂപകല്പന ചെയ്യാനും അവയ്ക്ക് അംഗീകാരം നൽകാനും സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ വിഭാഗത്തിന് നേരിട്ട് സാധിക്കും. സംസ്ഥാനത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖല കൂടുതൽ മികവുറ്റതാകും. വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് ദേശീയ, അന്തർദേശീയ തലങ്ങളിലെ സ്വീകാര്യത വർദ്ധിക്കും. തൊഴിൽ പരിശീലനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ഈ പദവി സഹായിക്കും.