ഭക്ഷ്യവിഷബാധയേറ്റ് കുട്ടികളടക്കം ഏഴുപേർ ചികിത്സയിൽ

Friday 27 March 2026 12:57 AM IST

​കൊല്ലം: ചന്ദനത്തോപ്പിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരേ കുടുംബത്തിലെ ഏഴുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളടക്കമുള്ളവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചാത്തിനാംകുളം അക്ബർഷാ മൻസിലിൽ അക്ബർ ഷാ (36), താജുനിസ (30), ഇർഫാന ഫാത്തിമ (9), മുഹമ്മദ് റഹീൻ (6), മുഹമ്മദ് ആലം (3), അൻവർ (36), സജിത (31) എന്നിവർക്കാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഒരാളുടെ നില അതീവ ഗുരുതരമായിന്നെങ്കിലും നിലവിൽ പുരോഗതിയുണ്ടെന്നാണ് വിവരം.

​കഴിഞ്ഞ ഞായറാഴ്ച രാത്രി 10 നാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. തുടർന്ന് വീട്ടിലെത്തിയ ഇവർക്ക് ഛർദ്ദിയും വയറിളക്കവും ഉൾപ്പടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടു. വിവരമറിഞ്ഞെത്തിയ കുണ്ടറ പൊലീസ് ഹോട്ടലിൽ പരിശോധന നടത്തി.ഭ ക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിളമ്പിയതിനും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസെടുത്തു. ഹോട്ടലിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവയ്പ്പിച്ചു. കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചു.