സണ്ണിവക്കീലോ ടീച്ചറമ്മയോ, പേരാവൂരിൽ തീപാറും
കണ്ണൂർ: സംസ്ഥാനത്ത് തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പേരാവൂർ. നാലാം തവണ ജനവിധി തേടുന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ.ശൈലജയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ഇരുമുന്നണികൾക്കും ഇത് ജീവൻമരണ പോരാട്ടം. ബി.ഡി.ജെ.എസിന്റെ പൈലി വാത്യാട്ടാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
കർഷകരും ക്രൈസ്തവ സമൂഹവും അടങ്ങുന്ന മലയോര ജനതയ്ക്കിടയിൽ 'സണ്ണി വക്കീൽ" ദശകങ്ങൾ കൊണ്ട് ഉറപ്പിച്ച ബന്ധം ചെറുതല്ല. ശൈലജ ടീച്ചർക്കും അപരിചിതമല്ല പേരാവൂർ. 2006ൽ 9,099 വോട്ടിന്റെ ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിൽ മണ്ഡലം ചുവപ്പിച്ച ചരിത്രം ടീച്ചറിനുണ്ട്. 2021ൽ മട്ടന്നൂരിൽ 60,963 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷമാണ് ശൈലജയ്ക്കുള്ളത്. ഈ വ്യക്തിപ്രഭാവമാണ് സി.പി.എം പ്രതീക്ഷ.
ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകളും ചേർന്ന ഈ മലയോര മണ്ഡലത്തിൽ ആകെ 1,80,685 വോട്ടർമാരുണ്ട്. കുടിയേറ്റ കർഷക കുടുംബങ്ങൾ, ക്രൈസ്തവ ഹിന്ദു, മുസ്ലിം സമ്മിശ്ര ജനവിഭാഗം, ആറളം ആദിവാസി മേഖലയിലെ വോട്ടർമാർ ഇവരാണ് ജനവിധി നിർണയിക്കുന്നത്. വന്യജീവി ആക്രമണം, ബഫർ സോൺ ആശങ്ക, കാർഷിക വിലയിടിവ് തുടങ്ങിയ ജീവിത പ്രശ്നങ്ങളാണ് പ്രധാന പ്രചാരണവിഷയങ്ങൾ.
വലതിന് മേൽക്കൈ
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരൻ 23,481 വോട്ടിന്റെ ഭൂരിപക്ഷം പേരാവൂരിൽ നേടി. തദ്ദേശ തിരഞ്ഞെടുപ്പിലും 12,000ത്തോളം വോട്ടിന്റെ ലീഡ് യു.ഡി.എഫിനുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 158 ബൂത്തുകളിൽ 125 എണ്ണത്തിലും യു.ഡി.എഫായിരുന്നു മുന്നിൽ. ഒൻപത് തദ്ദേശ സ്ഥാപനങ്ങളിൽ എട്ടിലും യു.ഡി.എഫ് മുന്നേറ്റം.
എന്നാൽ ലോക്‌സഭ, തദ്ദേശ കണക്കുകൾ നിയമസഭാ ഫലത്തെ നേരിട്ട് നിർണയിക്കില്ലെന്നാണ് ഇടതിന്റെ നിലപാട്. 2021ൽ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം 3,172ൽ ഒതുങ്ങിയത് ഇടതിന് ആത്മവിശ്വാസം പകരുന്നു. 2011ൽ ശൈലജ ഇതേ സണ്ണി ജോസഫിനോട് 3,440 വോട്ടിന് തോറ്റ ഓർമ്മ ഇടതു പക്ഷത്തെ ജാഗ്രതയോടെ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നു.