കളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാൻ
കൊല്ലം: വില്ലനായും കൊമേഡിയനായും സ്വഭാവനടനായും സിനിമയിൽ ശ്രദ്ധിക്കപ്പെട്ട അപൂർവം അഭിനേതാക്കളിൽ ഒരാളായിരുന്നു ഇ.എ.രാജേന്ദ്രൻ, ഇതിന്റെ ഉദാഹരണമാണ് കളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാനും പട്ടാഭിഷേകത്തിലെ ബലരാമനും പ്രണയവർണങ്ങളിലെ വല്ല്യേട്ടനും. നാടകവേദികളിൽ നായകനായും വില്ലനായും കൈയടി ഏറ്റുവാങ്ങി. കല സംവേദനക്ഷമമായിരിക്കണമെന്ന നിലപാടുകാരനായിരുന്നു അദ്ദേഹം.
1987ൽ ഗ്രീഷ്മം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്.
ഡൽഹി സ്കൂൾ ഒഫ് ഡ്രാമ, പൂനെ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ പഠനശേഷം നാടക, സിനിമാരംഗത്ത് സജീവമായി. തൃശൂർ തൃത്തല്ലൂർ ഏങ്ങൂർ വീട്ടിൽ അയ്യപ്പന്റെയും സുമതിയുടെയും മകനാണ്. വിവാഹം ശേഷം കൊല്ലത്ത് സ്ഥിരതാമസമാക്കി. ഒ.മാധവനുശേഷം കാളിദാസ കലാകേന്ദ്രത്തിന്റെ മുഖ്യസാരഥിയായി. കൊല്ലം പട്ടത്താനത്തെ വസതി, കൊല്ലം കാളിദാസ കലാകേന്ദ്രം എന്നിവിടങ്ങളിൽ ഇന്നലെ പൊതുദർശനത്തിനു വച്ചശേഷം ഇ.എ.രാജേന്ദ്രന്റെ ഭൗതികദേഹം ഉച്ചയ്ക്കു ശേഷം തൃശൂരിലേക്ക് കൊണ്ടുപോയി. രാത്രി സി.പി.ഐ തൃശൂർ ജില്ലാക്കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനു വച്ചു.