വീണാ ജോർജ് കേസ്: പ്രതിയുടെ ഹ‌ർജിയിൽ വിശദീകരണം തേടി

Friday 27 March 2026 2:23 AM IST

കൊച്ചി: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ നിഷ്‌പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഒന്നാംപ്രതിയായ കെ.എസ്.യു നേതാവ് എം.സി. അതുൽ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അന്വേഷണം റെയിൽവേ പൊലീസിൽ നിന്ന് മാറ്രി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാക്കണമെന്നാണ് ആവശ്യം.

കനത്ത പൊലീസ് സുരക്ഷയുള്ളപ്പോൾ നടന്ന പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിച്ചു. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. രാഷ്ട്രീയ പ്രതിഷേധത്തെ പർവ്വതീകരിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് നിയമവിരുദ്ധമാണ്. അതിനാൽ സത്യം പുറത്തുവരാൻ ഉന്നതതല അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി മേയ് 19ന് വീണ്ടും പരിഗണിക്കും.

ഫെബ്രുവരി 25ലെ പ്രതിഷേധത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കണ്ണൂർ റെയിൽവേ പൊലീസാണ് കേസെടുത്തത്. അറസ്റ്റിലായ അതുലിന് തലശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.