കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം, പൊലീസിനെതിരെ പരാതി

Friday 27 March 2026 9:43 AM IST

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിനുപിന്നാലെ രാജകുടുംബം നിസ്സഹകരണം ശക്തമാക്കിയതായാണ് വിവരം. പൊലീസ് ഉപദ്രവിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഉന്നത ഉദ്യഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ് രാജകുടുംബം .

കഴിഞ്ഞ മാസമാണ് കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നെന്ന വാർത്ത പുറത്തുവന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി വിലവരുന്ന സ്വർണാഭരണങ്ങളടക്കം മോഷണം പോയിരുന്നു. ഇതുസംബന്ധിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മീഭായി നൽകിയ പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്തത്. 2025 ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് കവർച്ചനടന്നതെങ്കിലും നാലുമാസം കഴിഞ്ഞാണ് പൊലീസിന് പരാതി ലഭിച്ചത്.

ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായ വിവരം മനസിലായതെന്ന് പരാതിയിൽ പറയുന്നു. അതിനും പത്ത് ദിവസം മുൻപ് വരെ ആഭരണം അവിടെയുണ്ടായിരുന്നതായും പരാതിയിൽ വിവരിക്കുന്നുണ്ട്. കൊട്ടാരത്തിലുള്ളവർ തന്നെ എടുത്തതാവുമെന്ന് കരുതി കുടുംബാംഗങ്ങൾക്കിടയിൽ നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കൊട്ടാരത്തിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കത്തക്ക വിരലടയാളങ്ങളും ലഭിച്ചില്ല. ചെന്നൈ, ബംഗളൂരു എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങൾ കേന്ദ്രീകരിച്ച് പൗരാണിക ആഭരണങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. സമാന രീതിയിൽ പൗരാണിക ആഭരണങ്ങൾ മോഷണം പോയതിന്റെ വിശദാംശങ്ങൾ തേടുന്നുണ്ട്. കൊട്ടരവുമായി ബന്ധപ്പെട്ടവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ ഉൾപ്പടെ പരിശോധിക്കാൻ സൈബർ സംഘത്തിന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.