കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല; വ്യക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. പാർലമെന്റിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രിയാണ് മറുപടി നൽകിയത്. എയിംസിന് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ലെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തേ കേരളത്തിലെ എയിംസിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പല രീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ എയിംസ് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ പറഞ്ഞിരുന്നു. ഇതിനിടെയാണ് എയിംസ് വരുമോ എന്ന കാര്യത്തിൽ തന്നെ ആശങ്കയുണ്ടാക്കുന്ന രീതിയിൽ കേന്ദ്രത്തിൽ നിന്നും പ്രതികരണം വരുന്നത്.
അതേസമയം, കേരളത്തിന് എയിംസ് അനുവദിക്കാത്തത് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രസർക്കാർ വീണ്ടും സാവകാശം തേടിയിരിക്കുകയാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 22 എയിംസ് അനുവദിച്ചപ്പോൾ കേരളത്തെ മാത്രം ഒഴിവാക്കാൻ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നു.
എന്നാൽ, സാമ്പത്തിക വർഷാവസാനമായതിനാൽ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ വിശദീകരണം ലഭിച്ചില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് പരിഗണിച്ച കോടതി മറുപടി സത്യവാംഗ്‌മൂലം സമർപ്പിക്കാൻ ഏപ്രിൽ പത്ത് വരെ കേന്ദ്രത്തിന് സമയം അനുവദിച്ചു.