11 വർഷം മൂലമ്പിള്ളി പാക്കേജ്: സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി

Wednesday 23 October 2019 1:11 AM IST

മൂലമ്പിള്ളി പാക്കേജ് വൈകുന്നതിനെതിരായ ഹർജി:

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്ക് റെയിൽവെ ലൈൻ നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള മൂലമ്പിള്ളി പാക്കേജ് നടപ്പാക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിനോടു സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ചു. 2008 ൽ കുടിയൊഴിപ്പിക്കപ്പെട്ട എളമക്കര സ്വദേശി കെ.എൻ. സാബു ഉൾപ്പെടെ 46 പേരുടെ ഹർജിയിലാണ് നിർദ്ദേശം. 11 വർഷം പിന്നിട്ടിട്ടും പാക്കേജ് നടപ്പാക്കിയില്ലെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

പാക്കേജ് എങ്ങനെ

 സെന്റിന് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം

 വീടു നിർമ്മിക്കാൻ ഭൂമി കണ്ടെത്തി നൽകും വരെ പ്രതിമാസം 5000 രൂപ വാടക

 കുടുംബത്തിൽ ഒരാൾക്ക് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ജോലി

 അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ നാല് സെന്റ് സ്ഥലം വീതം നൽകും.

 ഈ സ്ഥലത്ത് വീടു നിർമ്മാണത്തിനുള്ള പൈലിംഗിനായി 75,000 രൂപ വീതം

 നഷ്ടപരിഹാരത്തുകയ്ക്ക് നികുതി ഒഴിവാക്കും.

ഹർജിക്കാരുടെ സങ്കടങ്ങൾ

ഓരോ കുടുംബത്തിനും കാക്കനാട്ട് 3.75 സെന്റ് വീതം വെള്ളക്കെട്ടുള്ള ചതുപ്പാണ് അനുവദിച്ചത്. ഇവിടെ കെട്ടിട നിർമ്മാണം സാദ്ധ്യമല്ല. റോഡ്, വെള്ളം, ഡ്രെയിനേജ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളില്ല. ഇതു ചൂണ്ടിക്കാട്ടി 2014 നവംബറിൽ സർക്കാരിന് നിവേദനം നൽകിയിട്ടും നടപടിയില്ല. മൂലമ്പിള്ളി പാക്കേജ് കാല താമസം കൂടാതെ നടപ്പാക്കണം. കുടിയൊഴിപ്പിക്കപ്പെട്ടവർ നൽകിയ നിവേദനം തീർപ്പാക്കാൻ നിർദ്ദേശം നൽകണം. വാടകയിനത്തിൽ 5000 രൂപ നൽകാമെന്ന വാഗ്ദാനം 2012 മുതലുള്ള കുടിശികയുൾപ്പെടെ നൽകണം.