കേരളം ചുട്ടുപൊള്ളുന്നു: ഏറ്റവും കൂടിയ താപനില പാലക്കാട്, 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Friday 27 March 2026 8:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട്ടെ ഇന്നത്തെ ചൂട്. വരും ദിവസങ്ങളിലും ചൂട് കൂടാൻ സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ചൂട് ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നത്.

പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

സൂര്യാഘാതം, സൂര്യതപം എന്നിവ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ വെയിലത്ത് ജോലി ചെയ്യുന്നവരും കാൽനടയാത്രക്കാരും പ്രത്യേകം ജാഗ്രത പാലിക്കണം. ചൂട് കൂടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ക്ഷീണമോ അസ്വസ്ഥതയോ തോന്നിയാൽ ഉടനടി തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.