ഇവൾ, ദുഃഖവെള്ളിയിൽ 'ഉയിർത്തെഴുന്നേറ്റവൾ"
കൊച്ചി: ദുഃഖവെള്ളി ദിനത്തിൽ 'ഉയിർത്തേഴുന്നേറ്റ" കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി. കഴിഞ്ഞ ദുഃഖവെള്ളി ദിനമായ ഏപ്രിൽ18നാണ് പെരുമ്പാവൂർ കപ്രിക്കാട് അഭയാരണ്യത്തിലെ കലുങ്കിൻകുഴിയിൽ കുടുങ്ങിയ കാട്ടാനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. ഒരു ദിവസംമാത്രമായിരുന്നു പ്രായം.
തലേന്ന് മലയാറ്റൂർ വനത്തിൽനിന്ന് പെരിയാർനദി നീന്തിക്കയറിവന്ന ആനക്കൂട്ടത്തിനൊപ്പമാണ് ഇവിടെയെത്തിയത്. കുഞ്ഞിനെ നഷ്ടമായാൽ സാധാരണ കാട്ടാനക്കൂട്ടം അടുത്തദിവസം അതേസ്ഥലത്ത് തിരികെയെത്തും. എന്നാൽ ഇവിടെ അതുണ്ടായില്ല. തുടർന്ന് അവശനിലയിലായിരുന്ന കാട്ടാനക്കുട്ടിയെ അഭയാരണ്യത്തിലെ ആന പരിപാലകർ ഏറ്റെടുത്തു. ഇതുവരെ പേരിട്ടിട്ടില്ല.
മൂന്നുപേരാണ് രാവുംപകലും ഊഴമനുസരിച്ച് മാറിമാറി കാട്ടാനക്കുട്ടിയെ പരിപാലിപ്പിക്കുന്നത്. ശ്രീക്കുട്ടൻ, രവികുമാർ, നിഖിൽ. അഭയാരണ്യത്തിലെ ഒരു മുറിയിലാണ് വാസം. ഒപ്പം ഉറങ്ങാൻ ഈ മൂവരിൽ ആരെങ്കിലും ഇല്ലെങ്കിൽ അസ്വസ്ഥയാകും. ചൂടുകൂടിയാൽ ഫാനിടണം. തണുപ്പേറിയാൽ ഹീറ്ററിടും.
പകൽസമയം അഭയാരണ്യത്തോട് ചേർന്ന അക്കേഷ്യക്കാടിൽ വേലികെട്ടിയൊരുക്കിയ ഭാഗത്ത് തുറന്നുവിടും. അണുബാധ ഭയന്ന് സന്ദർശകരെ അനുവദിക്കാറില്ല. വനംവകുപ്പ് അസി. കൺസർവേറ്റർ ജ്യോതിഷ് സി.ഒഴേക്കൽ, വെറ്ററിനറി സർജൻ ഡോ. ബിനോയ് സി.ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് പരിചരണം.
പശുവിൻപാൽ മാത്രം ആഹാരം
മുലപ്പാലിനു പകരം കരിക്കിൻവെള്ളവും ഗ്ലൂക്കോസുമായിരുന്നു ആദ്യദിനങ്ങളിൽ കാട്ടാനക്കുട്ടിയുടെ ജീവൻ നിലനിറുത്തിയത്. ഇപ്പോൾ പശുവിൻപാൽ മാത്രം. പുല്ലും മറ്റ് ഇലകളുമൊക്കെ കൊടുക്കുമെങ്കിലും ചവച്ച് തുപ്പിക്കളയുന്നതല്ലാതെ ഉള്ളിലേക്ക് ഇറക്കിത്തുടങ്ങിയിട്ടില്ല.