മോഹൻലാലിന്റെ അനുമതി ഇല്ലാത്ത ഉള്ളടക്കങ്ങൾ നീക്കും

Saturday 28 March 2026 1:29 AM IST

ന്യൂഡൽഹി: അനുമതിയില്ലാതെ പോസ്റ്റുചെയ്ത നടൻ മോഹൻലാലിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്‌ദവുമടക്കം ഉള്ളടക്കങ്ങൾ നീക്കാൻ നിർദ്ദേശം. സാമൂഹ്യ മാദ്ധ്യമങ്ങൾക്കും ഇ- കൊമേഴ്‌സ് സൈറ്റുകൾക്കും ഉൾപ്പെടെയാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. നീക്കം ചെയ്ത ഉള്ളടക്കങ്ങളുടെ വിവരം രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ടായി സമർപ്പിക്കാനും ജസ്റ്റിസ് ജ്യോതിസിംഗ് നിർദ്ദേശിച്ചു. വ്യക്തി അവകാശങ്ങൾ സംരക്ഷിക്കണമെന്നും തന്നെ ബാധിക്കുന്ന സാമൂഹിക മാദ്ധ്യമങ്ങളിലെയടക്കം ഉള്ളടക്കങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് മോഹൻലാൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ ചിത്രങ്ങളും പേരും ദുരുപയോഗിച്ച ഇ- കൊമേഴ്‌സ് സൈറ്റുകളെയും വിമർശിച്ചു. വിഷയം ജൂലായ് 4ന് വീണ്ടും പരിഗണിക്കും.