50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എം.പി. ബിനു
ആലുവ: എടയാർ വ്യവസായ മേഖലയിലെ ബോയിലർ തീപിടിത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റും കളമശേരി നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എം.പി.ബിനു ആവശ്യപ്പെട്ടു. മരിച്ച ശത്രുഘ്നൻ മുഖ്യയുടെ എടയാറിലെ വാടകവീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യസംസ്ഥാന തൊഴിലാളിയായതിനാൽ മാന്യമായ നഷ്ടപരിഹാരം നൽകാതെ വിഷയം ഒതുക്കിത്തീർക്കാനുള്ള കമ്പനി അധികൃതരുടെയും സർക്കാരിന്റെയും നീക്കത്തിൽ അദ്ദേഹം പ്രതിഷേധിച്ചു. വ്യവസായ മേഖലയിലെ സുരക്ഷാവീഴ്ചകളെക്കുറിച്ച് അന്വേഷിച്ച് കർശന നടപടിയെടുക്കണമെന്നും എം.പി. ബിനു ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി പി.ദേവരാജൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പി.സജീവ്, മണ്ഡലം സെക്രട്ടറി സിയോൺ കെ. സിദ്ധൻ, പര്യടനച്ചുമതലയുള്ള കെ.എൻ. അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം സി.ആർ. ബാബു, സോജിയ ഷിബു, വിഷ്ണു വിജയൻ, ഇ.വി. സന്തോഷ്, ഷമീന ഷൌക്കത്തലി എടയാർ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.