ആ കടമ്പയും കടന്നു; വൈഭവിന്റെ കാത്തിരിപ്പ് അവസാനത്തിലേക്ക്; ഇനി ഇന്ത്യൻ ടീമിൽ കാണാം

Friday 27 March 2026 10:39 PM IST

മുംബയ്: ക്രിക്കറ്റിലെ വമ്പൻ റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞ വൈഭവ് സൂര്യവംശി ഇന്ത്യൻ കുപ്പായത്തിൽ സീനിയർ ടീമിൽ ഉടൻ അരങ്ങേറിയേക്കും. 2026 മാർച്ച് 27ന് താരം 15 വയസ് പൂർത്തിയാക്കി. ഐപിഎല്ലിൽ അടക്കം ഓരോ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വച്ച വൈഭവിന് സീനിയർ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാനുള്ള കുറഞ്ഞ പ്രായപരിധി 15 വയസായി ഐസിസി നിശ്ചയിച്ചിട്ടുള്ളതിനെ തുടർന്നായിരുന്നു ഇത്.

2025ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച വൈഭവ് ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും (14 വയസ്സ് 32 ദിവസം) ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരവുമാണ് വൈഭവ്. 2026ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ 175 റൺസ് നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. ടൂർണമെന്റിലെ മികച്ച താരമായും വൈഭവ് തിരഞ്ഞെടുക്കപ്പെട്ടു. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവിന്റെ പേരിലാണ് (14 വയസ്സ് 272 ദിവസം).

മാർച്ച് 28ന് ആരംഭിക്കുന്ന ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനായി വൈഭവ് വീണ്ടും കളത്തിലിറങ്ങും. ഐപിഎല്ലിലെ മികച്ച പ്രകടനം തുടർന്നാൽ വൈകാതെ തന്നെ താരത്തെ ഇന്ത്യൻ സീനിയർ ടീമിൽ കാണാനാകുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. ബിഹാറിൽ നിന്നുള്ള ഈ അത്ഭുത ബാലൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായാണ് കണക്കാക്കപ്പെടുന്നത്.

എന്താണ് ഐസിസി നിയമം? 2020ലാണ് ഐസിസി താരങ്ങളുടെ മാനസികവും ശാരീരികവുമായ സുരക്ഷ മുൻനിർത്തി അന്താരാഷ്ട്ര മത്സരങ്ങളിൽ (സീനിയർ ടീം, അണ്ടർ 19 എന്നിവയുൾപ്പെടെ) പങ്കെടുക്കാൻ കുറഞ്ഞത് 15 വയസ്സ് വേണമെന്ന നിയമം കൊണ്ടുവന്നത്. 14 വയസുകാരനായിരിക്കെ തന്നെ അണ്ടർ 19 ലോകകപ്പിലും ഐപിഎല്ലിലും വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ വൈഭവിന് ഈ നിയമമായിരുന്നു സീനിയർ ടീമിലേക്കുള്ള ഏക തടസ്സം.