ഏനാദിമംഗലം പഞ്ചായത്ത് സ്റ്റേഡിയം നവീകരണം ഇഴയുന്നു കായിക പ്രേമികൾക്ക് എന്നും നിരാശ

Saturday 28 March 2026 2:40 AM IST
സ്റ്റേഡിയം കാടു പിടിച്ചു നശിച്ച നിലയിൽ

ഇളമണ്ണൂർ : ഏനാദിമംഗലത്തിന്റെ കായിക സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ ഇനിയും അധികൃതർക്ക് ആയിട്ടില്ല. സ്റ്റേഡിയം നവീകരണം എന്നത് കായിക പ്രേമികളുടെ സ്വപ്നം മാത്രമാകുന്നു. അത്യാധുനിക സജ്ജീകരണങ്ങളുള്ള പഞ്ചായത്ത്‌ സ്റ്റേഡിയ നിർമ്മിക്കണമെന്നുള്ളത് ഒരു ഗ്രാമത്തിലെ കായിക പ്രേമികളുടെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു. എന്നാൽ മാറിവരുന്ന പഞ്ചായത്ത്‌ ഭരണസമിതികൾ സ്റ്റേഡിയ നവീകരണം എന്നത് ഇതുവരെയും പ്രാവർത്തികമായിട്ടില്ല. പഞ്ചായത്ത്‌ സ്റ്റേഡിയത്തിലേക്ക് ചെന്നാൽ വരവേൽക്കുന്നത് ഉദ്ഘാടനം നടന്ന പഞ്ചായത്ത്‌ കളിക്കളം പദ്ധതിയുടെ ശിലാഫലകമാണ്. പക്ഷെ സ്റ്റേഡിയത്തിനു മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പഴയത് പോലെ കാടു കയറി കിടക്കുന്നു. സംരക്ഷണ മതിൽ ഇടിഞ്ഞ നിലയിലാണ്. സ്റ്റേഡിയം ആധുനിക രീതിയിൽ നവീകരിക്കണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കെ.പി റോഡ് പോലൊരു സംസ്ഥാന പാതയിൽ വളരെ വേഗത്തിൽ ആളുകൾക്ക് പ്രാപ്യമായ സ്ഥലമായതിനാൽ സംസ്ഥാന തരത്തിലുള്ള പല കായിക പരിപാടികളും സംഘടിപ്പിക്കാൻ ഇവിടെ കഴിയും. നിരവധി കായിക താരങ്ങളുള്ള ഗ്രാമമാണ് ഏനാദിമംഗലം. നവീകരിച്ച സ്റ്റേഡിയം ഇവിടെ അടുത്ത് കൊടുമൺ പഞ്ചായത്തിൽ മാത്രമാണുള്ളത്.എം. എൽ.എ ഫണ്ട് ഉപയോഗിച്ചോ പഞ്ചായത്തിൽ ഫണ്ട് വകയിരുത്തിയോ യാതൊരു വികസനവും സ്റ്റേഡിയത്തിൽ ഇത് വരെ നടന്നിട്ടില്ല. നിലവിൽ ഈ പദ്ധതി എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് നിർമ്മിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. എന്നാൽ ഈ പദ്ധതിയുടെ ഉദ്ഘാടനം നടത്തണം എന്നാവശ്യപ്പെട്ടുള്ള ഒരു കത്ത് എം.എൽ.എ ഓഫീസിൽ നിന്നും ലഭിച്ചതല്ലാതെ യാതൊരു അറിയിപ്പും എം.എൽ.എ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട വകുപ്പിൽ നിന്നോ ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത്‌ അധികൃതർ പറയുന്നത്

.........................................

ഈ പദ്ധതിയുടെ ഫണ്ട് സംബന്ധിച്ചും നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ചും യാതൊരു അറിയിപ്പും പഞ്ചായത്തിനു ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നു ലഭിച്ചിട്ടില്ല. സ്റ്റേഡിയം നവീകരണം പഞ്ചായത്ത്‌ ഭരണസമിതിയുടെ പരിഗണനയിലുണ്ട്

- സജിത പി.പിള്ള

( ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് )

നിലവിലെ സ്റ്റേഡിയത്തിന്റെ അവസ്ഥ

.............................................................

⚫പൂർണമായ സ്റ്റേഡിയം സൗകര്യങ്ങൾ ഇല്ല (ഗാലറി, ടർഫ് മുതലായവ കുറവ്)

⚫മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നു

⚫ലൈറ്റിംഗ് സൗകര്യം പരിമിതം

വികസന സാദ്ധ്യതകൾ

..................................

⚫ടർഫ് ഗ്രൗണ്ട് നിർമ്മിക്കാം

⚫ഗാലറി നിർമ്മാണം നടത്താം

⚫ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കൽ

⚫ജില്ലാതല മത്സരങ്ങൾ നടത്താൻ അപ്ഗ്രേഡ് ചെയ്യാം