മഹാഭൈരവി എഴുന്നെള്ളി : പുതുക്കുളങ്ങരയിൽ ഭക്തസാഗരം

Saturday 28 March 2026 12:57 AM IST
ഓതറ പുതുക്കുളങ്ങര പടയണിയിൽ മഹാഭൈരവിക്കോലം കളത്തിലെത്തിയപ്പോൾ

തിരുവല്ല : പുതുക്കുളങ്ങര പടയണിയുടെ മാത്രം പ്രത്യേകതയായ മഹാഭൈരവിക്കോലം കണ്ടുതൊഴാൻ ജനസാഗരം ഓതറയിലെത്തി. ആദിപമ്പയുടെ തീരത്തുനിന്ന് ക്ഷേത്രമുറ്റത്തേക്ക് എത്തിച്ച ഭൈരവിക്കോലം ആസ്വാദകർക്ക് വിസ്മയവും ഭക്തർക്ക് അനുഗ്രഹവുമായി മാറി. ഇന്നലെ പുലർച്ചെ ഒന്നിന് പടയണിക്കളത്തിൽ പുലവൃത്തത്തോടെ ചടങ്ങുകൾ ആരംഭിച്ചു. അന്തരയക്ഷി, സുന്ദരയക്ഷി എന്നിവയും മാടൻ, കരിമറുത, പക്ഷി തുടങ്ങിയ കോലങ്ങളും 101പാളയുടെ ഭൈരവിക്കോലവും സമാപന പടയണിക്കളത്തിലെത്തി. അഞ്ചരയോടെ അൻപതടിയോളം ഉയരത്തിലുള്ള മഹാഭൈരവിക്കോലം ഒന്നിനുതാഴെ വരിയായി ഒരുക്കിയ അഞ്ച് വലിയ മുഖങ്ങളുമായി തീപ്പന്തത്തിന്റെ വെളിച്ചത്തിൽ എഴുന്നള്ളി. ഭദ്രകാളിയുടെ വിരാടരൂപമായ മഹാഭൈരവിക്കോലത്തിൽ ഭദ്രകാളിയുടെ കർണാഭരണങ്ങളായി വരച്ചിരിക്കുന്നത് സിംഹവും ആനയുമാണ്. കോലത്തിന്റെ തിരുമുടിയായി സങ്കൽപ്പിക്കുന്ന കുരുത്തോല അല്ലികളും അതിനുള്ളിൽ നാഗമുഖങ്ങളും വരച്ചുചേർത്തിരിക്കുന്നു. അതിനുള്ളിൽ 66 മുഖങ്ങൾ ഏറ്റവും പുറത്തുള്ള വരിയിലും അതിനുള്ളിലായി 17വരികളിലായി നൂറുകണക്കിന് മുഖങ്ങളും വരച്ചിട്ടുണ്ട്. വരട്ടാറിന് സമീപം പുതുക്കുളങ്ങര ഭഗവതിക്ഷേത്രത്തിലാണ് പടയണിപ്പെരുമയിലെ വിസ്മയയമായ മഹാഭൈരവിക്കോലത്തിന്റെ എഴുന്നെള്ളത്ത് നടന്നത്.