പുലർച്ചെ മുതൽ രാത്രി വരെ കഠിനാധ്വാനം; കിട്ടുന്നത് 38 രൂപ
ക്ഷീരകർഷകരുടെ ദുരിതം രൂക്ഷം
ലിറ്ററിന് 60 രൂപ വേണമെന്ന് ആവശ്യം ശക്തം
വടക്കഞ്ചേരി: പുലർച്ചെ നാലരയ്ക്ക് ആരംഭിച്ച് രാത്രി വരെ നീളുന്ന കഠിനാധ്വാനത്തിനിടയിലും ന്യായമായ പ്രതിഫലം ലഭിക്കാത്തതിനാൽ ക്ഷീരകർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പുലർച്ചെ തൊഴുത്തിൽ കയറി ചാണകം മാറ്റി പശുവിനെ കുളിപ്പിച്ച് കറവ നടത്തി പാൽ സംഘത്തിൽ എത്തിക്കുന്നതോടെ ജോലി ആരംഭിക്കും. തുടർന്ന് പശുക്കൾക്ക് തീറ്റയും വെള്ളവും ഒരുക്കിയ ശേഷം വീണ്ടും തീറ്റ ശേഖരണത്തിനായി പുറപ്പെടണം. ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം വീണ്ടും ഉച്ചകഴിഞ്ഞുള്ള കറവപ്പണികൾ ആരംഭിക്കുന്നു. വൈകുന്നേരം കറന്ന പാൽ വീണ്ടും സംഘത്തിൽ നൽകിയ ശേഷം പശുക്കൾക്ക് വെള്ളവും തീറ്റയും കൊടുക്കുന്നതോടെ മാത്രമാണ് ദിവസത്തെ പണി അവസാനിക്കുന്നത്. ഇത്രയും കഠിനാധ്വാനത്തിനുശേഷം ലഭിക്കുന്നത് ലിറ്ററിന് 38 മുതൽ 39 രൂപ വരെ മാത്രമാണെന്ന് വടക്കഞ്ചേരി മേഖലയിലെ കർഷകർ പറയുന്നു.
ഒരു കുപ്പി കുടിവെള്ളത്തിന് 20 രൂപ നൽകേണ്ടിവരുന്ന സാഹചര്യത്തിൽ സ്വന്തം വിയർപ്പിന് പോലും വില ലഭിക്കുന്നില്ലെന്നാണ് അവരുടെ വേദന. അതിനാൽ പാൽ ലിറ്ററിന് 60 രൂപയെങ്കിലും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി. കഠിനാധ്വാനം ചെയ്തിട്ടും തുശ്ചയമായ വില ലഭിക്കുന്നതിനാൽ ജില്ലയിൽ ക്ഷീര കർഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ ക്ഷീരവകുപ്പും സംസ്ഥാന സർക്കാരും വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നാരോപിച്ച് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശക്തമായ പ്രതിഷേധത്തിനാണ് ക്ഷീരകർഷക സംഘടനകൾ തയ്യാറെടുക്കുന്നത്. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് ക്ഷീരകർഷകരെ സംരക്ഷിക്കാത്ത പക്ഷം തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സംഘടനകൾ നൽകുന്നു.