ചിറ്റൂരിൽ വീറുറ്റ പോര്

Saturday 28 March 2026 1:25 AM IST
ചി​റ്റൂ​രി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥ​നാ​ർ​ത്ഥി​ ​അ​ഡ്വ.​ ​വി.​മു​രു​ക​ദാ​സ് ​വ​ട​ക​ര​പ്പ​തി​യി​ലെ​ ​ചൊ​ര​പ്പാ​റ​യി​ൽ​ ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​കളോട് ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

ചിറ്റൂർ: തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ചിറ്റൂർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. കത്തുന്ന വെയിൽ വകവയ്ക്കാതെ എല്ലാ മുന്നണികളും പ്രചാരണത്തിലാണ്. 10 വ‌ർഷമായി എൽ.ഡി.എഫിന്റെ മണ്ഡലമായ ചിറ്റൂർ ഇത്തവണയും നിലനിറുത്താനുള്ള വാശിയേറിയ പ്രചാരണത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.മുരുകദാസ്. വിവിധ പഞ്ചായത്തുകളിൽ മുരുകദാസിന്റെ പര്യടനം ആവേശകരമായി തുടരുമ്പോൾ മികച്ച സ്വീകരണമാണ് ജനങ്ങളിൽ നിന്നു ലഭിക്കുന്നത്. കിഴക്കൻ മേഖലയിൽ രൂക്ഷമായിരുന്ന കുടിവെള്ള ക്ഷാമം പരിഹരിച്ചതിലുള്ള സന്തോഷം ജനങ്ങൾ പങ്കുവച്ചത് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നു. നിലവിലെ എം.എൽ.എയും മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടി കഴിഞ്ഞ 10 വർഷം മണ്ഡലത്തിൽ നടത്തിയ വികസന നേട്ടങ്ങളും ഇനി വേണ്ടതായ വികസന തുടർച്ചയും ജനങ്ങളുടെ മുമ്പിൽ അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പര്യടനം മുന്നേറുന്നത്.

മറുവശത്ത് 10 വ‌ർഷം മുമ്പ് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിനപ്രയത്നത്തിലാണ് യു.ഡി.എഫും സ്ഥാനാർത്ഥി കെ.അച്യുതനും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം മുന്നണിക്ക് ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞ തവണ കൈവിട്ടു പോയ ചിറ്റൂർ-തത്തമംഗലം നഗരസഭയുടെയും വടകപ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളുടേയും ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചിരുന്നു. കൊഴിഞ്ഞാമ്പാറയിൽ സി.പി.എം വിമതർ യു.ഡി.എഫിനൊപ്പം നിന്നതാണ് യുഡിഎഫിനു തുണയായത്. ഇതു നിയമസഭ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.

എൻ.ഡി.എ സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ പ്രചാരണവും മണ്ഡലത്തിൽ സജീവമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിലും വടകരപ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണം പിടിച്ചെങ്കിലും അത് സാങ്കേതികം മാത്രമാണെന്നും വോട്ടിംഗിൽ തങ്ങളെ കാര്യമായി ബാധിക്കില്ലെന്നും എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫിനാണ് മണ്ഡലത്തിൽ മുൻതൂക്കം. 6,735 വോട്ടാണ് നിലവിൽ എൽ.ഡി.എഫിന്റെ ലീഡ്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കെ.കൃഷ്ണൻകുട്ടി 33,878 വോട്ടിന്റെ ലീഡ് നേടിയിരുന്നു.  2021 ലെ നിയമസഭ വോട്ട് നില കെ.കൃഷ്ണൻകുട്ടി (എൽ.ഡി.എഫ്) 84,672 സുമേഷ് അച്യുതൻ (യു.ഡി.എഫ്) 50,794 വി.നടേശൻ (എൻ.ഡി.എ) 14,458