ഒരു വർഷത്തെ കാത്തിരിപ്പ്: പി.എം.എ.വൈ ഗ്രാമീണിൽ രണ്ടാംഘട്ട തുകയെത്തി

Saturday 28 March 2026 12:31 AM IST

കൊല്ലം: ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പി.എം.എ.വൈ ഗ്രാമീൺ ഭവന നിർമ്മാണ പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര-സംസ്ഥാന വിഹിതത്തിന്റെ രണ്ടാംഘട്ട തുകയെത്തി. ജില്ലയ്ക്ക് അനുവദിച്ച 13.65 കോടി രൂപയിൽ ഏകദേശം അഞ്ചുകോടിയോളം രൂപയാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്.

പി.എം.എ.വൈ ഗ്രാമീൺ പദ്ധതിയിൽ 15160 വീടുകളാണ് ജില്ലയ്ക്ക് അനുവദിച്ചത്. ഇതിൽ ഏകദേശം മൂവായിരം പേരുമായാണ് കഴിഞ്ഞവർഷം ആദ്യം വീട് നിർമ്മാണത്തിന് കരാർ ഒപ്പുവച്ചത്. ആദ്യഘട്ടത്തിൽ കേന്ദ്ര-സംസ്ഥാന വിഹിതമായി പത്തുകോടി അനുവദിച്ചിരുന്നു. ഇത് ആദ്യം കരാർ ഒപ്പുവച്ച ഏകദേശം 2100 പേർക്ക് കൊടുക്കാനേ തികഞ്ഞുള്ളു.

വീട് നിർമ്മാണം ആരംഭിച്ചവർ ബാക്കി പണത്തിനായി കയറിയിറങ്ങിത്തുടങ്ങിയതോടെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതം നൽകി താത്കാലികമായി പ്രശ്നം പരിഹരിച്ചു. പക്ഷെ രണ്ടാം ഘട്ട കേന്ദ്ര-സംസ്ഥാന വിഹിതം വൈകിയതോടെ പലരുടെയും വീട് നിർമ്മാണം മുടങ്ങി.

കാത്തിരിപ്പ് അനന്തമായി നീണ്ടതോടെ പലരും കടം വാങ്ങി വീട് നിർമ്മാണം പൂർത്തിയാക്കി. ഇവർക്ക് അടക്കമാണ് ഇപ്പോൾ രണ്ടാം ഘട്ട തുക നൽകിയിരിക്കുന്നത്.

പോർട്ടൽ തകരാറിൽ വൈകി

 മൂന്ന് ഗഡുക്കളായാണ് കേന്ദ്ര- സംസ്ഥാന വിഹിതം കൈമാറുന്നത്

 വലിയൊരു വിഭാഗം കടം വാങ്ങിയും മറ്റും വീട് നിർമ്മാണം പൂർത്തിയാക്കി

 പലരും അവസാന ഗഡു ലഭിക്കാവുന്ന തരത്തിൽ നിർമ്മാണ പുരോഗതി കൈവരിച്ചു

 പോർട്ടൽ തകരാർ കാരണം എല്ലാവർക്കും ഓരോ ഗഡു മാത്രമേ അനുവദിക്കാനായുള്ളു

 ആദ്യ ഗഡു കൈമാറിയിട്ടും പെയ്മെന്റ് നടത്തിയതായി പോർട്ടലിൽ രേഖപ്പെടുത്തിയിട്ടില്ല

 ഇങ്ങനെ രേഖപ്പെടുത്തിയാലെ അടുത്ത ഗഡു നൽകാനാകൂ

ഒരു വീടിന് 4 ലക്ഷം

കേന്ദ്ര വിഹിതം ₹ 72000 സംസ്ഥാനം ₹ 48000 പഞ്ചായത്ത് ₹ 70000 ബ്ലോക്ക് പഞ്ചായത്ത് ₹ 1.12 ലക്ഷം ജില്ലാ പഞ്ചായത്ത് ₹ 98000

അനുവദിച്ച പണം ബ്ലോക്ക് തിരിച്ച്

അഞ്ചൽ ₹ 1,07,83,776 ചടയമംഗലം ₹ 1,10,02,940 ചവറ ₹ 13,64,706 ചിറ്റുമല ₹ 44,35,294 ഇത്തിക്കര ₹ 1,04,91,175 കൊട്ടാരക്കര ₹ 38,38,235 മുഖത്തല ₹ 34,11,764 ഓച്ചിറ ₹ 24,73,529 പത്തനാപുരം ₹ 93,10,063 ശാസ്താംകോട്ട ₹ 70,79,411 വെട്ടിക്കവല ₹ 86,14,705

ആകെ ₹ 13,65,05,598