എടയാർ തീപിടിത്തം;  സി ജി ലൂബ്രിക്കന്റ്‌സ്  അടച്ചുപൂട്ടാൻ  നിർദേശം; മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 15  ലക്ഷം  രൂപ  നഷ്ടപരിഹാരം

Saturday 28 March 2026 12:34 PM IST

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം തീപിടിത്തമുണ്ടായ സ്ഥാപനമായ സി.ജി ലൂബ്രിക്കന്റ്‌സ് അടച്ചുപൂട്ടാൻ നിർദേശം. സുര‌ക്ഷാവീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്‌ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പാണ് നിർദേശം നൽകിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുംവരെ കമ്പനി തുറക്കരുതെന്നാണ് നിർദേശം. ഡിസംബറിൽ നടത്തേണ്ട കോയിൽ ടെസ്റ്റിംഗ് കമ്പനി നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

സംഭവത്തിൽ ഓയിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നും കൂടുതൽ അന്വേഷണത്തിന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

തീപിടിത്തത്തിൽ മരിച്ച ബീഹാർ സ്വദേശിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. അസിസ്റ്റന്റ് ജില്ലാ കളക്‌‌ടർ പാർവതി ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ബീഹാർ ദർബംഗ സ്വദേശി ശത്രുഘ്നൻ മുഖ്യ (43) ആണ് അപകടത്തിൽ മരിച്ചത്. ആറ് തൊഴിലാളികൾക്കും പൊള്ളലേറ്റിരുന്നു.

വ്യാഴാഴ്ച രാവിലെ 9.40ഓടെയായിരുന്നു അപകടമുണ്ടായത്. കരി ഓയിൽ ശുദ്ധീകരിച്ച് വാഹന ഓയിൽ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ആലുവ സ്വദേശി ആന്റോയാണ് ഉടമ. ബോയിലറിന് സമീപത്തുണ്ടായിരുന്ന പ്ളാസ്റ്റിക്ക് ബാരലുകൾ ചൂടേറ്റ് കത്തിയതിനെ തുടർന്നുണ്ടായ അഗ്നിബാധയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് നിഗമനം. മൂന്ന് ഷിഫ്റ്റുകളിലായി നൂറോളം തൊഴിലാളികൾ ജോലി ചെയ്യുന്ന ഇവിടെ അപകടസമയം പത്തിലേറെ മലയാളികൾ ഉൾപ്പെടെ 33 പേരുണ്ടായിരുന്നു. ശബ്ദം കേട്ട് ഭൂരിഭാഗം തൊഴിലാളികളും ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. പിന്നാലെ തീ ആളിപ്പടർന്നു. പ്ളാസ്റ്റിക്ക് ബാരലുകൾക്ക് ആദ്യം തീപിടിച്ചപ്പോൾ ശത്രുഘ്നൻ അണയ്‌ക്കാൻ ശ്രമിച്ചപ്പോഴാണ് പൊള്ളലേറ്റതെന്നാണ് വിവരം.