കേരളത്തിലെ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കുന്ന മരുന്നിന്റെ വില കണ്ട് ഞെട്ടി, അനുഭവം പങ്കുവച്ച് വിദേശ വനിത

Saturday 28 March 2026 2:59 PM IST

കൊല്ലം: ഇന്ത്യയിൽ, പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ മരുന്നുകൾക്ക് വില കുറവാണെന്നത് നമുക്ക് പുതിയ അറിവല്ല. എന്നാൽ ഒരു വിദേശി സ്വന്തം അനുഭവത്തിലൂടെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുമ്പോൾ അതിന് പ്രാധാന്യമേറും. കൊല്ലം ജില്ലയിലെ മൺറോ തുരുത്തിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങിയ അനുഭവം പങ്കുവച്ചുകൊണ്ട് ഇനെസ് ഫാരിയ (25) എന്ന വിദേശ സഞ്ചാരി ഇൻസ്റ്റഗ്രാമിൽപോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങിയ ഇനെസ് കേരളത്തിലെ ആരോഗ്യമേഖലയിലെ ചെലവ് കുറഞ്ഞ സേവനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് രംഗത്തെത്തിയത്.

മൺറോ തുരുത്തിൽ എത്തിയപ്പോഴാണ് കനത്ത ചുമ ബാധിച്ചത്. തുടർന്ന് അടുത്തുള്ള ഫാർമസിയിൽ പോയി മരുന്ന് ചോദിച്ചു. ചുമയ്ക്കുള്ള ഒരു കുപ്പി സിറപ്പും തൊണ്ട വേദനയ്ക്കുള്ള മൂന്ന് പാക്കറ്റ് ഗുളികകളുമാണ് ഫാർമസിസ്റ്റ് ഇനെസിന് നൽകിയത്. ബില്ല് വന്നപ്പോഴാകട്ടെ വെറും 252 രൂപ. 'ഞാൻ കരുതി ഇതിന് നല്ല വിലയാകുമെന്ന്. എന്നാൽ ഇന്ത്യയിൽ ഇതിനെല്ലാം കൂടി വെറും രണ്ട് യൂറോയോ (ഏകദേശം 252 രൂപ)? ചുമയ്ക്കുള്ള ഒരു കുപ്പി സിറപ്പും മൂന്ന് പാക്കറ്റ് തൊണ്ടവേദനയ്ക്കുള്ള ഗുളികകളും ചേർത്ത് വെറും 252 രൂപ മാത്രം. വിലക്കുറവ് കണ്ട് എനിക്ക് ഇവിടെ സ്ഥിരതാമസമാക്കാനാ തോന്നുന്നത്,' തമാശരൂപേണ ഇനെസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വീഡിയോ വൈറലായതോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാർ രസകരമായ കമന്റുകളുമായി രംഗത്തെത്തി. യുവതി വാങ്ങിയത് കൂടുതൽ വിലയുള്ള മരുന്നാണെന്നാണ് പലരുടെയും പക്ഷം. 'സർക്കാർ ആശുപത്രിയിൽ പോയിരുന്നെങ്കിൽ ഈ വാങ്ങിച്ച മരുന്നുകളൊക്കെ സൗജന്യമായി ലഭിക്കുമായിരുന്നു'എന്ന് ഒരാൾ ഓർമ്മിപ്പിച്ചു. ബ്രാൻഡഡ് മരുന്നുകൾക്ക് പകരം സർക്കാർ സബ്സിഡി നൽകുന്ന ഫാർമസികളിൽ (നീതി സ്റ്റോർ, ജൻ ഔഷധി) പോയാൽ ഇതിലും പകുതി വിലയ്ക്ക് മരുന്ന് കിട്ടുമെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.