'ഇത്തരമൊരു വ്യക്തിയെ എങ്ങനെയാണ് വോട്ടർമാർക്ക് വിശ്വസിക്കാൻ സാധിക്കുക? നാടിന്റെ വികസനമല്ല ബിജെപിയുടെ അജണ്ട'

Saturday 28 March 2026 4:47 PM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ കേരളത്തിന് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന ബിജെപി സ്ഥാനാർത്ഥിയുടെ കുറ്റസമ്മതം കേരളീയരോടുള്ള അവഹേളനമാണെന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരമൊരു വ്യക്തിയെ എങ്ങനെയാണ് നേമത്തെ പ്രബുദ്ധരായ വോട്ടർമാർക്ക് വിശ്വസിക്കാൻ സാധിക്കുകയെന്നും ശിവൻകുട്ടി ചോദിച്ചു.

'നാടിന്റെ വികസനമല്ല ബി.ജെ.പി.യുടെ അജണ്ടയെന്ന് അവരുടെ സ്ഥാനാർത്ഥിയുടെ ഈ തുറന്നുപറച്ചിലിലൂടെ ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. എന്തിനാണ് ബി.ജെ.പി. കേരളത്തോട് ഇത്രയധികം വിരോധം കാണിക്കുന്നത്? ഒന്നുമല്ലെങ്കിലും അവരെ പെറ്റുപോറ്റിയ മണ്ണല്ലേ ഇത്. നേമം മണ്ഡലത്തിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വികസനം സംബന്ധിച്ച സംവാദത്തിന് ഞാൻ തയ്യാറാണ് എന്ന് ആവർത്തിക്കുന്നു'- വി ശിവൻകുട്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി പദവിയിലിരുന്ന കാലയളവിൽ കേരളത്തിന് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പരസ്യമായ കുറ്റസമ്മതം കണ്ടു. കേന്ദ്രമന്ത്രിയെന്ന ഉന്നത പദവിയിലിരുന്നിട്ടും സ്വന്തം നാടിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന വെളിപ്പെടുത്തൽ കേരളത്തോടും കേരളീയരോടുമുള്ള തികഞ്ഞ അവഹേളനമാണ്.

ഇത്തരമൊരു വ്യക്തിയെ എങ്ങനെയാണ് നേമത്തെ പ്രബുദ്ധരായ വോട്ടർമാർക്ക് വിശ്വസിക്കാൻ സാധിക്കുക? നാടിന്റെ വികസനമല്ല ബി.ജെ.പി.യുടെ അജണ്ടയെന്ന് അവരുടെ സ്ഥാനാർത്ഥിയുടെ ഈ തുറന്നുപറച്ചിലിലൂടെ ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. എന്തിനാണ് ബി.ജെ.പി. കേരളത്തോട് ഇത്രയധികം വിരോധം കാണിക്കുന്നത്? ഒന്നുമല്ലെങ്കിലും അവരെ പെറ്റുപോറ്റിയ മണ്ണല്ലേ ഇത്.

നേമം മണ്ഡലത്തിന്റെ കഴിഞ്ഞ പത്ത് വർഷത്തെ വികസനം സംബന്ധിച്ച സംവാദത്തിന് ഞാൻ തയ്യാറാണ് എന്ന് ആവർത്തിക്കുന്നു. ആ വെല്ലുവിളിയിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥിക്ക് ഇതിനായുള്ള സ്ഥലവും തീയതിയും നിശ്ചയിക്കാവുന്നതാണ്. വരും ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം എനിക്ക് മണ്ഡലം പര്യടനമുള്ളതിനാൽ, സംവാദത്തിനായി രാവിലെ ഏത് സമയവും ഞാൻ ലഭ്യമായിരിക്കും. ജനങ്ങൾ സത്യമറിയട്ടെ, വികസനം ചർച്ചയാകട്ടെ.