പ്രചാരണത്തിന് ചെക്കുവെച്ച് കനത്ത വെയിൽ

Sunday 29 March 2026 1:33 AM IST

കൊച്ചി: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആവേശ പ്രചാരണത്തിന്റെ വേഗം കുറച്ച് കനത്ത ചൂട്. വേനൽച്ചൂടിൽ വിയർക്കുകയാണ് സ്ഥാനാർത്ഥികൾ. പലരും പ്രചാരണ സമയങ്ങളിൽ വരെ മാറ്റം വരുത്തി. രാവിലെ ഏഴിന് ആരംഭിക്കുന്ന പ്രചാരണം 11 മണിയോടെ അവസാനിപ്പിക്കും. തുടർന്ന് വൈകിട്ട് മൂന്ന് വരെ അവലോകന യോഗങ്ങളും ചർച്ചകളുമാണ് നടക്കുന്നത്.

ഉച്ചയ്ക്ക് ശേഷം മൂന്നിനോ നാലിനോ വീണ്ടും പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്ന രീതിയാണ് നിലവിൽ സ്ഥാനാർത്ഥികളും പാർട്ടികളും സ്വീകരിക്കുന്നത്. ചൂട് കൂടിയ ഭക്ഷണങ്ങളായ ചിക്കൻ ഉൾപ്പെടെയുള്ളവ ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും ജ്യൂസുകളും ഇളനീരുമെല്ലാമാണ് പലരും തിരഞ്ഞെടുക്കുന്നത്.

കൃത്യമായ ഇടവേളകളിൽ സ്ഥാനാർത്ഥികൾക്ക് വെള്ളവും ജ്യൂസുകളുമെത്തിക്കാനും അനുയായികൾ ശ്രദ്ധിക്കുന്നുണ്ട്. കുടിവെള്ളവും കരിക്കുമെല്ലാം വണ്ടിയിൽ സ്റ്റോക്കുണ്ടാകും. ചൂടിനെ പ്രതിരോധിക്കാനാകുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനും ശ്രദ്ധചെലുത്തുന്നുണ്ട്. അതേസമയം, ജില്ലയിൽ ചൂട് ഇനിയും ഉയർന്നക്കാമെന്നതിനാൽ പ്രചാരണ പരിപാടികളിൽ മാറ്റം വരുത്തേണ്ടി വരുമെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്.

ചൂട് കൂടുതലാണ്. വെള്ളം ഇടതടവില്ലാതെ കുടിക്കുന്നുണ്ട്. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി

തൃപ്പൂണിത്തുറ

പ്രവർത്തകരുടെ പ്രചാരണ ആവേശത്തിൽ കനത്ത ചൂടിന്റെ ബുദ്ധിമുട്ടുകൾ മറക്കും ദീപക് ജോയ് യു.ഡി.എഫ് സ്ഥാനാർത്ഥി

തൃപ്പൂണിത്തുറ