ആരു കയറും കൊട്ടാരക്കര
കൊല്ലം: പോരാട്ട തീച്ചൂളയിലാണ് കൊട്ടാരക്കര. ധനമന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ കെ.എൻ. ബാലഗോപാലാണ് എൽ.ഡി.എഫിനായി വീണ്ടും മത്സരക്കുപ്പായമിട്ടത്. അവഗണന ആരോപിച്ച് സി.പി.എമ്മിൽ നിന്ന് കോൺഗ്രസിലെത്തിയ പി. ഐഷാ പോറ്റിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഐഷയുടെ വരവോടെ യു.ഡി.എഫ് സീറ്റ് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ് നേതാവ് ആർ. രശ്മി ബി.ജെ.പിയിലെത്തി. തുടർന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയുമായി. കഴിഞ്ഞതവണ കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു രശ്മി.
മൂന്ന് ടേം എൽ.ഡി.എഫ് എം.എൽ.എയും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഐഷാ പോറ്റി. പത്തുവർഷം വീതം ജില്ലാ പഞ്ചായത്ത് അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ആർ. രശ്മി. തങ്ങളുടെ പഴയ ലാവണങ്ങളോട് ഏറ്റുമുട്ടുമ്പോൾ നിരവധി കാരണങ്ങളുമുണ്ട് ഇരുവർക്കും പറയാൻ. അത് വാദപ്രതിവാദങ്ങളായി കൊട്ടാരക്കരയിൽ നിറയുകയാണ്.
എൽ.ഡി.എഫ് ഐഷാപോറ്റിക്കെതിരെയും യു.ഡി.എഫ് ആർ. രശ്മിക്കെതിരെയും കാലുമാറ്റ ആരോപണം ഉയർത്തുമ്പോൾ, സ്വന്തം പാർട്ടിക്കാർ തങ്ങളെ പുകച്ച് ചാടിച്ചെന്നാണ് ഇരുവരും തിരിച്ചടിക്കുന്നത്. മറുകണ്ടം ചാടിയ മറ്റ് പലരെയും എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർത്ഥിയാക്കിയതും ഇവർ ചൂണ്ടിക്കാട്ടുന്നു.
വികസനമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ.എൻ. ബാലഗോപാലിന്റെ പ്രചരണായുധം. കഴിഞ്ഞ അഞ്ച് ബഡ്ജറ്റുകളിലും കൊട്ടാരക്കരയ്ക്കായി വൻതുക മാറ്റിവച്ചു. ചെറുതും വലതുമായ നിരവധി പദ്ധതികൾ യാഥാർത്ഥ്യമായി.
കൊട്ടാരക്കര ബൈപ്പാസ്, ഐ.ടി ഹബ്ബ് അടക്കമുള്ള വമ്പൻ പദ്ധതികൾക്ക് തുടക്കമിട്ടു. 15 വർഷം എം.എൽ.എ ആയിരുന്നപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് ഐഷാ പോറ്റിയുടെ പ്രതിരോധം. ജില്ലാ പഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിൽ നടത്തിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ആർ. രശ്മിയും വിശദീകരിക്കുന്നു.
പ്രതീക്ഷയായി വോട്ടിന്റെ അടിയൊഴുക്ക്
മൂന്നുപേരും തങ്ങൾക്ക് അനുകൂലമായ അടിയൊഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷയർപ്പിക്കുന്നത്. ഐഷ പോറ്റിയെ സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പുള്ള കോൺഗ്രസ് വോട്ടുകൾ കെ.എൻ. ബാലഗോപാലും ആർ. രശ്മിയും കണക്കുകൂട്ടുന്നു. രശ്മിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധമുള്ള ബി.ജെ.പി വോട്ടുകൾ യു.ഡി.എഫും പ്രതീക്ഷിക്കുന്നു. ഇടതുപക്ഷത്തിൽ നിന്നുള്ള അടിയൊഴുക്ക് ഐഷ പോറ്റിയും ലക്ഷ്യമിടുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും മികച്ച ധനകാര്യ മാനേജ്മെന്റ് പ്രകടമാക്കിയ മന്ത്രിയെന്നത് ബാലഗോപാലിന് പ്ളസ് പോയിന്റാണ്.