'പ്രശോഭ്‌ ഷാഫിയെ വീഡിയോ കോൾ ചെയ്തു"  ദളിത് യുവതി ദൃശ്യങ്ങൾ കൈമാറി  പീഡന പരാതിയിൽ കൗൺസിലർ ഒളിവിൽ

Saturday 28 March 2026 11:05 PM IST

പാലക്കാട്: എം.പിമാരുടെ പേരുപറഞ്ഞ് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ ഭീഷണിപ്പെടുത്തിയെന്ന് പീഡന പരാതി ആരോപിച്ച ദളിത് യുവതിയുടെ മൊഴി. എം.പിമാരായ ഷാഫി പറമ്പിൽ,​ വി.കെ. ശ്രീകണ്ഠൻ എന്നിവരുടെ പേരുപറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഷാഫിയെ വീഡികോൾ ചെയ്ത് കാണിച്ചെന്നും യുവതി മൊഴി നൽകി. ദൃശ്യങ്ങളുൾപ്പെടെ കൈയിലുള്ള തെളിവുകളെല്ലാം പൊലീസിന് കൈമാറി. തനിക്ക് അച്ഛനും അമ്മയുമില്ല. എന്തെങ്കിലും സംഭവിച്ചാൽ പോലും ചോദിക്കാൻ ആരും വരില്ല. ഇപ്പോഴും പേടിയുണ്ടെന്നും മൊഴി നൽകിയശേഷം യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാവിലെ 11നാണ് യുവതി പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്‌പെക്ടർ അബ്ദുൾ ജലീലിന് മൊഴി നൽകിയത്. പ്രശോഭിനെതിരെ ജാമ്യമില്ലാ വകുപ്പിന് പൊലീസ് കേസെടുത്തു. ബലാത്സംഗം, പട്ടികജാതി വർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പ്രശോഭ് ഒളിവിലാണ്.

ജോലി വാഗ്ദാനം ചെയ്ത് വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിയായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്.

 പ്രശോഭിനെ കോൺഗ്രസ് പുറത്താക്കി

പീഡന പരാതിക്ക് പിന്നാലെ പ്രശോഭിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി നിർദ്ദേശപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് അടിയന്തര നടപടി സ്വീകരിച്ചത്. വിഷയം തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം നീക്കം തുടങ്ങിയിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ശക്തമായി പ്രതിഷേധിച്ചരുന്നു. ധാർമികത ബാക്കിയുണ്ടെങ്കിൽ പ്രശോഭ് കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ആവശ്യപ്പെട്ടു.

 യുവതിക്ക് നീതി കിട്ടണമെന്ന് പിഷാരടി

യുവതിക്ക് നീതി കിട്ടണമെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി ആവശ്യപ്പെട്ടു. സംഭവം യു.ഡി.എഫിന് തിരിച്ചടിയാകില്ല. താൻ പാലക്കാട് വന്നിട്ട് 10 ദിവസമേ ആയിട്ടുള്ളൂ. തന്റെ പ്രചാരണത്തിന് കോൺഗ്രസ് ഭാരവാഹി എന്ന നിലയിൽ പ്രശോഭും രണ്ട് ദിവസം വന്നിരുന്നു. ചിത്രം കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. അല്ലാതെ വ്യക്തിപരമായി അറിയില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.