ബിജെപി സീൽ: ഐ.എ.എസുകാരന് എതിരെ നടപടി

Saturday 28 March 2026 11:14 PM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പു കമ്മിഷൻ്റെ കത്തിൽ ബിജെപിയുടെ സീൽ കണ്ടെത്തിയ സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയത്തിലുണ്ടായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ അടക്കം രണ്ടു പേർക്കെതിരേ കൂടി നടപടി. ഡെപ്യൂട്ടി സിഇഒ മിഷൽ സാഗർ ഭരത് സെക്ഷൻ ഓഫിസർ എന്നിവർക്കെതിരേയാണ് നടപടി. ഇരുവരേയും മാതൃ ഓഫീസുകളിലേക്ക് മടക്കി അയയ്ക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഉത്തരവിട്ടു.

ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്യുന്നതിൽ ഇരുവർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇവർ ഫയൽ കണ്ടതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു നേരത്തെ ഒരു അസിസ്റ്റന്റ് സെക്ഷൻ ഓഫിസറെ സസ്‌പെൻഡ് ചെയ്തിരുന്നു.സംഭവത്തിൽ 48മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ സിഇഒ പി.ബി.നൂഹിനെ ചുമതലപ്പെടുത്തിയിരുന്നു. നൂഹ് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.