ചൂടിലും വാടാത്ത പ്രചാരണം, കളം നിറഞ്ഞ പോരാട്ടം
കോഴിക്കോട്: കൊടും ചൂടിന് ആശ്വാസമായി മഴ എത്തിയെങ്കിലും കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് ചൂട് ശമനമില്ലാതെ തുടരുന്നു. പുലർച്ചെ മുതലുള്ള സ്ഥാനാർത്ഥികളുടേയും പ്രവർത്തരുടേയും ഓട്ടം അവസാനിക്കുന്നത് പാതിരാത്രിയാണ്. വീടുകൾ കയറി, കുടുംബയോഗങ്ങളിൽ പങ്കെടുത്ത്, പൊതുയോഗങ്ങളിൽ കത്തിക്കയറി, വിവാദങ്ങൾക്ക് മറുപടി നൽകി ഓടെടാ ഓട്ടം. കോഴിക്കോട്ടെ 13 മണ്ഡലങ്ങളിൽ 11ഉം കൈവശം വെച്ചിരിക്കുന്ന എൽ.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബാക്കി രണ്ട് മണ്ഡലങ്ങളും കൂടി പിടിച്ചെടുക്കുമെന്ന് അവർ പ്രഖ്യാപിക്കുമ്പോൾ 11 എന്ന അക്കം ഇനി കോഴിക്കോട്ട് എൽ.ഡി.എഫിന് കണികാണാൻ കിട്ടില്ലെന്നാണ് യു.ഡി.എഫ് പ്രഖ്യാപനം. എൽ.ഡി.എഫിന് കേരളത്തിലെ തുടർഭരണത്തിന് വലിയ സംഭാവന നൽകിയ ജില്ലയെന്ന നിലയിൽ വരും ദിവസങ്ങളിൽ ദേശീയ നേതാക്കളുടെ പടയോട്ടമാണ് കോഴിക്കോട്ട്.
വടകരയും കൊടുവള്ളിയും 'കൈ' വിടുമോ?
നിലവിൽ വടകരയും കൊടുവള്ളിയും മാത്രമാണ് യു.ഡി.എഫിന് ഉള്ളത്. വടകരയിൽ ആർ.എം.പി.ഐ നേതാവ് കെ.കെ.രമയാണ് കഴിഞ്ഞതവണ ജയിച്ചത്. വടകരയിൽ ആർ.എം.പി.ഐക്ക് ഒറ്റയ്ക്ക് ജയിക്കാൻ പാകത്തിൽ വോട്ടില്ലാത്ത സാഹചര്യത്തിലാണ് യു.ഡി.എഫ് പിന്തുണ തേടിയത്. കോൺഗ്രസും ലീഗും ഒറ്റക്കെട്ടായി ഇറങ്ങിയതോടെ സി.പി.എമ്മിന്റെ കടത്തനാടൻ കോട്ട ഇളകിവീണു. ഇത്തവണയും മുൻതൂക്കം അവർക്കുതന്നെ. എൽ.ഡി.എഫിൽ ആർ.ജെ.ഡിയുടെ ജില്ലാപ്രസിഡന്റ് ഭാസ്‌കരനാണ് സ്ഥാനാർത്ഥി. അടുത്ത് യു.ഡി.എഫ് സീറ്റ് കൊടുവള്ളിയാണ്. എൽ.ഡി.എഫ് സ്വതന്ത്രൻ കാരാട്ട് റസാഖിൽ നിന്ന് കഴിഞ്ഞതവണ എം.കെ.മുനീർ പിടിച്ചെടുത്ത സീറ്റ്. ഇത്തവണയും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ലീഗ് ആ സീറ്റ് കൊടുത്തത് പി.കെ.ഫിറോസിന്. കോഴിക്കോട് സൗത്തിൽ നിന്നാണ് മുനീർ കൊടുവള്ളി പിടിക്കാൻ പോയത്. മുനീർ പോയതോടെ സൗത്തെന്ന സിറ്റിംഗ് സീറ്റ് നഷ്ടമായി. പക്ഷെ കൊടുവള്ളി പിടിച്ചു. ഇത്തവണ മുനീറിന് സീറ്റ് നിഷേധിച്ചതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് സി.പി.എം ആരോപിക്കുന്നു. മുനീർ അനുകൂലികൾക്ക് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതിൽ വലിയ പ്രയാസം ഉള്ള സാഹചര്യത്തിൽ സൗത്തും കൊടുവള്ളിയും ലീഗിന് നിർണായകമാണ്.
കോൺഗ്രസിന് ഇത്തവണ അഭിമാന പോരാട്ടം
ആറ് സീറ്റിലാണ് കോഴിക്കോട്ട് ലീഗ് മത്സരിക്കുന്നത്. കുറ്റ്യാടി, പേരാമ്പ്ര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, തിരുവമ്പാടി എന്നിവയാണ് ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങൾ. നിലവിൽ ആറ് സീറ്റിൽ മത്സരിച്ച കോൺഗ്രസ് ബേപ്പൂർ സീറ്റ് പി.വി.അൻവറിന് നൽകിയതോടെ അഞ്ചിൽ ഒതുങ്ങി. കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, ബാലുശ്ശേരി, നാദാപുരം, എലത്തൂർ തുടങ്ങിയവയാണ് കോൺഗ്രസ് മണ്ഡലങ്ങൾ. കഴിഞ്ഞ 20 വർഷമായി ഒരു സീറ്റുപോലുമില്ലാത്ത കോൺഗ്രസിന് ഇത്തവണ കോഴിക്കോട്ട് അഭിമാന പോരാട്ടമാണ്. എൽ.ഡി.എഫിൽ ഏറ്റവും കൂടുതൽ ഘടകകക്ഷികൾക്ക് സീറ്റുള്ള ജില്ലകൂടിയാണ് കോഴിക്കോട്. ഐ.എൻ.എൽ (സൗത്ത്) എൻ.സി.പി (എലത്തൂർ) വടകര (ആർ.ജെ.ഡി) നാദാപുരം (സി.പി.ഐ), കൊടുവള്ളി (സ്വതന്ത്രനെങ്കിലും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി) കുന്ദമംഗലം (പി.ടി.എ റഹിം സ്വതന്ത്രൻ). ജനകീയരും സ്വതന്ത്രരുമായവരെ നിർത്തി കോഴിക്കോടിന്റെ ഇടത് പ്രതാപം നിലനിർത്താനുള്ള ഓട്ടത്തിലാണ് എൽ.ഡി.എഫ്.